പെന്‍ഷന്‍ ലഭിക്കാതെ ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍. ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള കുടിശികയാണ് സമാശ്വാസം പദ്ധതി പ്രകാരം ലഭിക്കാനുള്ളത്. സാമൂഹ്യ സുരക്ഷാ മിഷനാണ് മാസം ആയിരം രൂപ പെന്‍ഷന്‍ നല്‍കിയിരുന്നത്. ആയിരത്തി അറന്നൂറിലധികം രോഗികളാണുള്ളത് ഈ പെന്‍ഷന്‍ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്നത്.
34 വര്‍ഷമായി ഹീമോഫീലിയ രോഗത്തിന്റെ പിടിയിലാണ് മുഹമ്മദ് മുസ്തഫ. രോഗം കാരണം പഠനമൊന്നും നടന്നില്ല. ആദ്യമൊക്കെ പിതാവിന്റെ തണലില്‍ ജീവിച്ചു. വേദന സഹിച്ചും ജോലിചെയ്യാന്‍ ശ്രമിച്ചു.അതിനിടയില്‍ ഉണ്ടായ അപകടം ഒരു കൈ നഷ്ടപ്പെടുത്തി. പക്ഷെ വേദന ശരീരത്തെ തളര്‍ത്തിയപ്പോഴും അതൊന്നും നോക്കാതെ ലോട്ടറി വില്‍ക്കാനിറങ്ങി.ഏറെ നേരം നില്‍ക്കാന്‍ കഴിയില്ല. വല്ലപ്പോഴെങ്കിലും പോകും ശരീര വേദന കൂടുമ്പോള്‍ വീട്ടിലേക്ക് മടങ്ങും. ആശ്വാസമായിരുന്നു സര്‍ക്കാറിന്റെ സമാശ്വാസം പദ്ധതി. മാസം തോറും ആയിരം രൂപ ലഭിക്കുമായിരുന്നു എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി മുസ്തഫക്ക് ഇതു ലഭിച്ചിട്ടില്ല.
കുഞ്ഞിന്റെ രോഗം കാരണം വിദേശത്തുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഹേമ നാട്ടിലെത്തിയത്. പെന്‍ഷന് അപേക്ഷിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ല. ഇതുപോലെ നിരവധി ഹീമോഫീലിയ രോഗികളാണ് സര്‍ക്കാറിന്റെ സഹായം പ്രതീക്ഷിച്ച് ജീവിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷനാണ് പെന്‍ഷന്‍ നല്‍കുന്നത്. വകുപ്പ് മന്ത്രിയായ ആര്‍ ബിന്ദുവിന് ഹീമോഫീലിയ സൊസൈറ്റി കത്തുനല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല.