ചിന്തന്‍ ശിബിരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പീഡന ആരോപണത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി കിട്ടിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍. എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണ്. സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയിലും പീഡന പരാമര്‍ശമില്ല. അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്, പീഡന പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്തുനല്‍കി’– ഷാഫി പറഞ്ഞു.
ആ പെണ്‍കുട്ടിയോട് ഞാന്‍ പോലും നേരിട്ട് സംസാരിച്ചില്ല. അങ്ങനെ പോലും ഒരു സംശയം ഉണ്ടാകരുത്. സ്വാധീനിക്കാനാണെന്ന് തോന്നരുത്. പെണ്‍കുട്ടിക്ക് ഏത് നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കും. ഇല്ലാത്ത പരാതിയുടെ പേരില്‍ ഇനിയും ഇങ്ങനെ പ്രചാരണം നടത്തരുത്. യൂത്ത് കോണ്‍ഗ്രസിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കുന്നത് ആരെന്ന് നോക്കണം– ഷാഫി പറഞ്ഞു.