നിയമസഭ നിർത്തിവച്ചിട്ടും ഭരണപ്രതിപക്ഷ അംഗങ്ങള്‍ നേര്‍ക്കുനേര്‍നിന്ന് മുദ്രാവാക്യം വിളിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഒാഫീസ് എസ്.എഫ്.ഐ ആക്രമിച്ചത് കാടത്തമെന്ന് ബാനറേന്തിയാണ് പ്രതിപക്ഷ പ്രതിഷേധം. സഭയ്ക്കുള്ളില്‍ കൂവലും ആര്‍പ്പുവിളിയുമായി ഇരുപക്ഷവും പ്രതിഷേധിക്കുകയാണ്. അതേസമയം, സഭ നിര്‍ത്തിവച്ചിട്ടും പ്രതിപക്ഷത്തെ അനുനയിപ്പിക്കാനോ, കക്ഷി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാനോ സ്പീക്കര്‍ തയാറായില്ല. അതിനാടകീയ രംഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിക്കുന്നത്. 

 

ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ഥന തള്ളി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ നിര്‍ത്തിവച്ചത്. കറുത്ത ഷര്‍ട്ടും മാസ്കും ധരിച്ചാണ് യുഡിഎഫിലെ യുവ എംഎല്‍എമാര്‍ എത്തിയത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാതിരിക്കാന്‍ സഭയ്ക്കുള്ളില്‍ മാധ്യമങ്ങളെ വിലക്കി. മീഡിയ റൂമില്‍ മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം. കഴിഞ്ഞസമ്മേളനം വരെ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. നിയമസഭയില്‍ കണ്ട സഭ ടിവിയിലും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളുണ്ടായില്ല. പകരം മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്.