ഒരിടവേളക്ക് ശേഷം രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത രൂക്ഷം. 2020ൽ സർക്കാരിനെ താഴെ ഇറക്കാൻ സച്ചിൻ പൈലറ്റ് ഗൂഡാലോചന നടത്തി എന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇക്കാര്യം ശരിവച്ചെന്നും ഗഹ്‌ലോട്ട് സികറിൽ പറഞ്ഞു. 

   

നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കെ രാജസ്ഥാനിൽ ഭിന്നത രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് 2020 ൽ സച്ചിൻ പൈലറ്റിന്  പിഴവ് സംഭവിച്ചതായും മധ്യപ്രദേശിലെന്നപോലെ രാജസ്ഥാനിലും സർക്കാർ വീണിരുന്നെങ്കിൽ കിഴക്കൻ രാജസ്ഥാനിലെ ജലസേചന പദ്ധതിയുടെ ജോലികൾ  ആരംഭിക്കുമായിരുന്നു, എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റ് - ബിജെപി കൈകോർക്കൽ വ്യക്തമായെന്ന് ഗഹ്ലോട്ട് ആരോപിച്ചത്.

 

2020ൽ സച്ചിൻ പൈലറ്റ് 19 എം എൽ എമാരുമായി റിസോട്ടിലേക്ക് മാറുകയും സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കമാന്റ് ഇടപെടലിൽ പാർട്ടിയിലേക്ക് തിരിച്ചെത്തിയെങ്കിലും സച്ചിനെ ഉപമുഖ്യമന്ത്രി, പി സി സി അധ്യക്ഷൻ എന്നീ പദവികളിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സച്ചിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാവുകയാണ്. അതിന് തടയിടുക കൂടിയാണ് വിമർശനത്തിലൂടെ ഗഹ്ലോട്ട് ലക്ഷ്യം വക്കുന്നത്.