ഡോളര്‍ക്കടത്തു കേസില്‍ കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. രഹസ്യമൊഴി ഇഡിക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിര്‍ത്ത സാഹചര്യത്തിലാണ് നിര്‍ണായക നീക്കം. കസ്റ്റംസിന്‍റെ നിസഹകരണം ഇഡി അന്വേഷണത്തിനും തിരിച്ചടിയായി.
രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജന്‍സിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്ന കസ്റ്റംസ് നിലപാടില്‍ ദുരുഹൂത ആരോപിച്ചാണ് സ്വപ്നയുടെ നീക്കം. രഹസ്യമൊഴി നല്‍കിയയാള്‍ പകര്‍പ്പാവശ്യപ്പെട്ടാല്‍ കോടതിക്കും നിഷേധിക്കാനാകില്ല. ഡോളര്‍ കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആക്ഷേപത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്വപ്ന രഹസ്യമൊഴിക്കായി കോടതിയെ സമീപിക്കുന്നത്. സ്വപ്ന ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് നല്‍കിയ രഹസ്യമൊഴി ഇഡി ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പുമൂലം കോടതി നല്‍കിയിട്ടില്ല.
രണ്ടു രഹസ്യമൊഴികളും താരതമ്യപ്പെടുത്തി അന്വേഷണം മുന്നോട്ടു നീക്കാനായിരുന്നു ഇഡിയുടെ ശ്രമം ആദ്യഘട്ടത്തില്‍ രഹസ്യമൊഴി വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് നിലപാടെടുത്ത കസ്റ്റംസ് പിന്നീട് കോടതിയില്‍ നിലപാട് മാറ്റി. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കസ്റ്റംസ് ഇഡി ആവശ്യത്തെ എതിര്‍ത്തത്. കസ്റ്റംസിന്‍റെ നിലപാട് മാറ്റത്തില്‍ ഡോളര്‍ക്കടത്ത് അന്വേഷണത്തിലെന്നപോലെ ഉന്നതതല ഇടപെടലുണ്ടെന്നാണ് സംശയം. സ്വപ്നയുടെ രഹസ്യമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് സിപിഎം നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് രഹസ്യമൊഴി ചോര്‍ന്നുവെന്ന സംശയവും ബലപ്പെടുത്തുന്നു. ഇക്കാര്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാനാണ് നീക്കം. അഭിഭാഷകരുമായി അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.