ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിന് വധഭീഷണിയുള്ളതായി പരാതി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ആളാണ് വിളിച്ചതെന്ന് ടിടി നഗർ പൊലീസിൽ നൽകിയ പരാതിയിൽ പ്രജ്ഞാ സിങ് പറയുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
പ്രജ്ഞാ സിങ്ങിന് ശനിയാഴ്ച ഒരു കോൾ വരുകയും അതിൽ മുസ്‌ലിംകൾക്കെതിരെ സംസാരിച്ചതിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ബിജെപി വക്താവ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയതിന് പിന്നാലെ പിന്തുണയുമായി പ്രജ്ഞാ സിങ് രംഗത്തു വന്നിരുന്നു. ഇതിനു ശേഷമാണ് വധഭീഷണിയുള്ളതായി പ്രജ്ഞാ സിങ് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നതും.
ഇതിന്റെ ഒരു വിഡിയോയും പുറത്ത് വന്നു. ഇതിൽ ഭീഷണി കോൾ വിളിച്ചയാളുമായി ഠാക്കൂർ സംസാരിക്കുന്നത് കാണാം. താൻ ഇഖ്‌ബാൽ കസ്‌കറിന്റെ ആളാണെന്നും മുസ്‌ലിംകൾക്കെതിരെ അഭിപ്രായപ്രകടനം നടത്തിയതിന് പ്രജ്ഞാ സിംഗിനെ ഉടൻ കൊല്ലുമെന്നും ഫോൺ വിളിച്ചയാൾ ഭീഷണിപ്പെടുത്തുന്നു. ഇഖ്ബാൽ കസ്കർ ആരാണെന്ന് പ്രജ്ഞാ സിങ് തിരിച്ചു ചോദിച്ചപ്പോൾ അത് നിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അയാളെക്കുറിച്ച് ഉടന്‍ അറിയുമെന്ന് വിളിച്ചയാള്‍ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.