indego-flight-05

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ പ്രതിഷേധക്കേസിൽ വിമാനക്കമ്പനിയുടെ റിപ്പോർട്ട് ആയുധമാക്കാൻ പൊലീസ്. യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്ക് സമീപത്തേക്ക് വേഗത്തിൽ നീങ്ങിയെന്ന് ഇൻഡിഗോയുടെ റിപ്പോർട്ടിലുണ്ടെന്ന് പറഞ്ഞ പൊലിസ് ,അത് കോടതിയിൽ ഹാജരാക്കും. എന്നാൽ ഇ.പി.ജയരാജനെതിരെ ലഭിച്ച പരാതികൾ എ.ഡി.ജി പി ക്ക് കൈമാറിയതല്ലാതെ കേസെടുത്തില്ല. 

 

മുഖ്യമന്ത്രിക്കെതിരായ വധശ്രമം എന്ന ഗുരുതര കുറ്റം തെളിയിക്കുകയാണ് പൊലീസിന്‍റെ മുന്നിലെ വെല്ലുവിളി. രാഷ്ട്രീയ പ്രതിഷേധം എങ്ങിനെ വധശ്രമമാകുമെന്ന പ്രതിഭാഗത്തിന്‍റെ  ചോദ്യവും മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങി കഴിഞ്ഞ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന സംശയവും കേസിന് എതിരായി നിൽക്കുന്നു. എന്നാൽ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ട് ഇതിന് എതിരായ തെളിവെന്നാണ് പൊലീസ് വാദം. പ്രതിഷേധക്കാർ മുഖ്യ മന്ത്രിയുടെ അടുത്തേക്ക് നടന്ന് അടുത്തൂവെന്ന് റിപ്പോർട്ടിലുണ്ടെന്നും അത് പൊലീസിന്‍റെ എഫ്. ഐ ആറിലെ കണ്ടെത്തൽ ശരി വയ്ക്കുന്നതാണന്നും പൊലീസ് വാദിക്കുന്നു. ഈ റിപ്പോർട്ട് ഇന്ന് കൊടതിയിൽ ഹാജരാക്കും. എന്നാൽ പൊലീസിന്‍റെ വാദത്തെ കോൺഗ്രസ് തള്ളി.

 

അതിനിടെ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട ഇ.പി.ജയരാജനെതിരെ പത്തിലേറെ പരാതികൾ ഡി.ജി.പിക്ക് ലഭിച്ചു. അവയെല്ലാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖ റയ്ക്ക് കൈമാറിയെങ്കിലും കേസെടുത്തിട്ടില്ല. മർദനമേറ്റ യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയിട്ടുമില്ല. കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.