സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിൻ്റെ ഫോറൻസിക് പരിശോധന ഫലം നടി ആക്രമണ കേസിന്റെ വിചാരണ കോടതിയിൽ നൽകി. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ. ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേൾക്കാനാകുംവിധം ബാലചന്ദ്രകുമാർ എൻഹാൻസ് ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഭിഭാഷകർ മുംബൈയിൽ പോയപ്പോൾ ദുരുദ്ദേശത്തോടെ ഫോണിലെ ഡേറ്റ ഡിലീറ്റ് ചെയ്തു. പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിനായി തുടർച്ചയായി വീഡിയോസ് അയയുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. പ്രതി പലരെ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഫോൺ തെളിവുകൾ നശിപ്പിച്ചുവെന്ന് പറയുമ്പോൾ സൈബർ വിദഗ്ധർ സായ് ശങ്കർ നടി ആക്രമണക്കേസിലും പ്രതിയാകണ്ടേയെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസുമായി ആലോചിച്ചുണ്ടാക്കിയതാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്ന് പ്രതിഭാഗം വാദിച്ചു. ദിലീപിന്റ അമ്മയും , പെങ്ങളും , ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങൾ കണ്ടുവെന്ന് പറയുന്നത് ബാലിശമെന്നും പ്രതിഭാഗം വാദിച്ചു. നടി ആക്രമണ കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തുടർ വാദത്തിനായി പതിനെട്ടിലേക്ക് മാറ്റി.