Taslima-Nasreen

ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തിൽ രാജ്യത്ത് വ്യാപകമായി പ്രതിഷേധം ഉയരുമ്പോൾ  മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്ന് ആക്ടിവിസ്റ്റും ബംഗ്ലാദേശ് എഴുത്തുകാരിയുമായ തസ്ലീമ നസ്രീൻ.

'പ്രവാചകൻ മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ലോകമെമ്പാടുമുള്ള മുസ്‌‌ലിം മതതീവ്രവാദികളുടെ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ' എന്നാണ് തസ്ലീമ നസ്രീൻ ട്വീറ്റ് ചെയ്തത്. 

മറ്റൊരു ട്വീറ്റില്‍ തസ്ലീമ അഭിപ്രായപ്പെട്ടത് ഇങ്ങനെ: ‘ആരും വിമര്‍ശനത്തിന് അതീതരല്ല. മനുഷ്യനും, വിശുദ്ധനും, മിശിഹായും, പ്രവാചകനും, ദൈവവും ആരും. ലോകം ഒരു മെച്ചപ്പെട്ട ഇടമാക്കി മാറ്റുന്നതിന് വിമര്‍ശനാത്കമ പരിശോധന ആവശ്യമാണ്'. 

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാരോപിച്ച് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരത്തിന് ശേഷമാണ് വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറിയത്. ഡൽഹി ജമാ മസ്ജിദിൽ സിഎഎ പ്രതിഷേധകാലത്തിന് സമാനമായി ആളുകൾ തടിച്ചുകൂടി.

നുപുർ ശർമയെയും നവീൻ ജിൻഡാലിനുമെതിരായ പാർട്ടി നടപടി കണ്ണിൽ പൊടിയിടാനാണെന്നും നിയമനടപടിയാണ് വേണ്ടതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിൽ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്