ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ കാൺപൂർ സന്ദർശിക്കാനെത്തിയപ്പോൾ യു.പി. പൊലീസ് തടഞ്ഞുവച്ച് തിരിച്ചയച്ചെന്ന ആരോപണവുമായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ജനപ്രതിനിധി എന്ന നിലയിലുള്ള അവകാശങ്ങൾ നിഷേധിച്ചെന്നും ലോക്സഭ സ്പീക്കർക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പരാതി നൽകുമെന്നും ഇ.ടി. മനോരമ ന്യൂസിനോട് പറഞ്ഞു
ഇന്നലെരാത്രി പത്തുമണിയോടെയാണ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധി സംഘം കാൺപൂരിലെത്തിയത്. ട്രെയിനിൽ കാൺപൂരിൽ എത്തിയപ്പോൾ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. സംഘർഷബാധിത മേഖലയിലേക്ക് വിടാതെ പൊലീസ് വാഹനത്തിൽ തെറ്റിദ്ധരിപ്പിച്ചു കയറ്റി. 35 കിലോമീറ്റർ ദൂരം കൊണ്ടുപോയി. സംസ്ഥാനത്ത് ദേശസുരക്ഷാനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും യു.പി. സർക്കാർ അടിമുടി ദുരൂഹമാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടും മേഖലയിൽ ഉള്ളവരെ കാണാനോ ജയിലിൽ ഉള്ളവരെ സന്ദർശിക്കാനോ പൊലീസ് അനുവദിച്ചില്ലെന്നും എം.പി. പറഞ്ഞു. തുടർന്ന് പൊലീസ് വാഹനത്തിൽതന്നെ ഡൽഹിയിൽ തിരികെ എത്തിച്ചു.