ആരാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ?
ജനങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കിലും ജനങ്ങള്‍ നേരിട്ടല്ല ഇന്ത്യയുടെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളജാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഈ ഇലക്ടറല്‍ കോളജ് അംഗങ്ങളെ ജനങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. വിഡിയോ കാണാം.
ആരാണ് ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ ?
പാര്‍ലമെന്‍റിലെയും നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഇലക്ടറല്‍ കോളജ് അംഗങ്ങള്‍. ഇവരാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുക .കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹിയിലെയും പുതുച്ചരിയിലെയും അംഗങ്ങള്‍ക്കും വോട്ടുണ്ട്. ഒരു സഭയിലെയും നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടില്ല.
വോട്ടിന്‍റെ മൂല്യം വ്യത്യസ്തമാണോ ?
അതെ, നിയമസഭാംഗങ്ങളുടെ വോട്ടിന്‍റെ മൂല്യം നിശ്ചയിക്കപ്പെടുന്നത് സംസ്ഥാനത്തിന്‍റെ ജനസംഖ്യയ്ക്ക് ആനുപാതികമായാണ്. ഉദാഹരണത്തിന് കേരളത്തിലെ എംഎല്‍എമാരുടെ ആകെ വോട്ട് മൂല്യം 21,280 ആണെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഇത് 83,824 ആണ്.
എം.പിമാരുടെ വോട്ടിന്‍റെ മൂല്യം നിശ്ചയിക്കപ്പെടുക സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭാംഗങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇത്തവണ ജമ്മു കശ്മീര്‍ നിയമസഭ ഇല്ലാത്തതുകൊണ്ട് എം.പിമാരുടെ വോട്ടു മൂല്യം 700 ആണ്. എം.പിമാരിടെ ആകെ വോട്ടുമൂല്യം 5,43,200 ഉം, എംഎല്‍എമാരുടേത് 5,43,231 ആണ്. ആകെ 10,86,431 ആണ് വോട്ടുമൂല്യം.
കശ്മീരിന്‍റെ പ്രാതിനിധ്യം എങ്ങനെ ?
ജമ്മു കശ്മീരില്‍ നിന്നുള്ള പാര്‍ലമെന്‍റംഗങ്ങള്‍ മാത്രമേ ഇക്കുറി വോട്ടു ചെയ്യൂ.
വോട്ടു ചെയ്യുന്ന രീതി എന്താണ് ?
വോട്ട് ട്രാന്‍സ്ഫറിങ് രീതിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ളത്. വോട്ടര്‍മാര്‍ ഒന്നാം വോട്ട് ആര്‍ക്ക് , രണ്ടാം വോട്ട് ആര്‍ക്ക് എന്നിങ്ങനെ അക്കത്തില്‍ രേഖപ്പെടുത്തണം. ഒന്നാം വോട്ട് ഇല്ലാതെ രണ്ടാം വോട്ട് മാത്രമായാല്‍ ആ ബാലറ്റ് അസാധുവാകും. രാജ്യസഭാ സെക്രട്ടറി ജനറല്‍ ആണ് വരണാധികാരി.
ആരാണ് വിജയി ?
ആകെ വോട്ട് മൂല്യത്തിന്‍റ പകുതിയിലധികം കിട്ടുന്നയാള്‍ വിജയിക്കും
സത്യപ്രതിജ്ഞ ?
കാലാവധി പൂര്‍ത്തിയാക്കിയ രാഷ്ട്രപതി ഓഫീസ് വിട്ടതിന് ശേഷമാണ് നിയുക്ത രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.