തീക്ഷ്ണതയുള്ള നിലപാടും മൂർച്ചയുള്ള വാദങ്ങളുമായി വിപ്ലവ പാർട്ടിയെ നയിക്കുന്ന നേതാവ് മരിച്ചുപോയ മകൻ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾക്ക് മുന്നിൽ  ഒന്നിടറി. കഴിഞ്ഞ വർഷം കോവിഡിന് കീഴടങ്ങിയ മകൻ ആശിഷിന്റെ ചിത്രപ്രദർശന വേദിയിലാണ് സീതാറാം യെച്ചൂരി എത്തിയത്. ആശിഷിന്റെ ഭാര്യ സ്വാതിയാണ് ഡൽഹിയിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചത്.

2007 മുതല്‍ 2021 വരെ ആശിഷ് യെച്ചൂരി ക്യാമറയില്‍ പകര്‍ത്തിയ 63 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനം കാണാന്‍ പിതാവും സിപിഎം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയും മറ്റ് പി.ബി. അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും എത്തി.

ജീവിച്ച സാഹചര്യവും ചുറ്റുമുള്ള കാഴ്ചകളും പ്രകൃതിയുമാണ് ആശിഷ് യെച്ചൂരി ക്യാമറയിലൂടെ പകര്‍ത്തിയത്. ഓരോ ചിത്രങ്ങള്‍ക്കും പേരുകള്‍ നല്‍കിയത് ആശിഷും ഭാര്യ സ്വാതിയും ചേര്‍ന്നായിരുന്നു. ആശിഷിന്‍റെ മരണശേഷമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം ഭാര്യ സ്വാതി ചൗളയ്ക്കുണ്ടാകുന്നത്. സ്വാതി തന്നെയാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. അടുത്ത ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഫോട്ടോ പ്രദര്‍ശനം.