piyush-goyal-2

അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. പ്രവാചക നിന്ദയിൽ അറബ് രാജ്യങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിടെയാണ് മന്ത്രിയുടെ പ്രതികരണം. വിദേശത്തുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഘപരിവാർ പെരുമാറുന്നപോലെ വിദേശത്തുള്ളവർ പെരുമാറില്ലെന്ന് പ്രതീക്ഷിക്കാമെന്ന് സിപിഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചു. വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയ്ക്ക് മഹാരാഷ്ട്ര പൊലീസ് നോട്ടിസ് അയച്ചു. 

പ്രവാചക നിന്ദ നടത്തിയത് സർക്കാറിന്റെ ഭാഗമായിട്ടുള്ളവർ അല്ലന്നായിരുന്നു കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ വാദം. അതിനാൽ മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല.വിദേശത്തുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനെതിരായ പ്രസ്താവനയിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം

ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വർഗീയ ധ്രുവീകരണത്തിനായാണ് ബി.ജെ.പി നേതാക്കൾ വിവാദ പ്രസ്താവന നടത്തിയതെന്നും  ലോകമാകെയുള്ള ഇന്ത്യക്കാർ ആശങ്കയിലും ഉൽക്കണ്ഠയുമാണെന്നും സി.പി.എം പിബി അംഗം എം എ ബേബി പറഞ്ഞു. നുപുർ ശർമയ്ക്കും നവീൻ ജിൻഡലിനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് സി.പി.എം. ഡൽഹി ഘടകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.