zabihullah-mujahid

ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളും ചില അറബ് രാജ്യങ്ങളും യുഎന്നും രംഗത്തെത്തിയ സാഹചര്യത്തിൽ അഫ്ഗാന്‍ ഭരിക്കുന്ന താലിബാനും ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത്. ഇസ്‍ലാമിക രാജ്യങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതോടെ പ്രശ്നപരിഹാര നീക്കം ഉൗര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ.

പ്രവാചക വിരുദ്ധ പരാമർശത്തെ മതഭ്രാന്തെന്ന് വിശേഷിപ്പിച്ച താലിബാൻ, ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇസ്‌ലാമിനെ അധിക്ഷേപിക്കുകയും മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ആവശ്യപ്പെട്ടു. 

ഇതിനിടെ, വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിനു പുറമേ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്‍ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തൊനീഷ്യ, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളാണു പരാമര്‍ശത്തെ അപലപിച്ചത്.

പരാമർശം നടത്തിയ നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്‌തിരുന്നു. നേതാക്കൾക്കെതിരെ ബിജെപി നടപടിയെടുത്തതിനെ സൗദിയും ബഹ്റൈനും സ്വാഗതം ചെയ്തു. 

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്നാണ് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി ജനറല്‍ സെക്രട്ടേറിയറ്റും പാക്കിസ്ഥാനും പ്രതികരിച്ചത്. വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ബന്ധപ്പെട്ട സംഘടന കര്‍ശനമായ നടപടിയെടുത്തിട്ടുണ്ടെന്നും ഒ.െഎ.സിയുടെ പരാമര്‍ശം സങ്കുചിത മന:സ്ഥിതിയോെടയാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാക്കിസ്ഥാന്‍ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു.