കാസർകോട് അമ്പലത്തറയിൽ എൻഡോസൾഫാൻ ബാധിതരായ രണ്ട് കുട്ടികൾ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വാടക വീട്ടിൽ. സർക്കാർ സഹായം പ്രതീക്ഷിച്ച് വീടിന് അപേക്ഷ നൽകിയിട്ട് വർഷം മൂന്ന് കഴിഞ്ഞു. വീടും വസ്തുവും നൽകാമെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടം വിളിച്ചുവരുത്തി തിരിച്ചയച്ച അനുഭവവും ഇവർക്കുണ്ട്. അമ്പലത്തറയിലെ ഈ ഒറ്റമുറി വീട്ടിലാണ് അച്ഛനും അമ്മയ്ക്കും അനുജത്തിയ്ക്കും ഒപ്പം എൻഡോസൾഫാൻ ബാധിതരായ തരുണും  ശ്രീരാഗും താമസിക്കുന്നത്. തരുൺ സർക്കാരിന്റെ എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ചികിത്സ സൗജന്യമാണ്. പക്ഷേ ശ്രീരാഗ് പട്ടികയിലല്ല. കുടുംബത്തിന്റെ  ഈ  വാടക യാത്ര തുടങ്ങിയിട്ട് വർഷം 10 കഴിഞ്ഞു. ഇതിനിടെയിൽ സ്വന്തമായി ഒരു തുണ്ട്  ഭൂമിയ്ക്കും വീടിനും  വേണ്ടി പോകാൻ കഴിയുന്ന  ഓഫീസുകൾ എല്ലാം ശ്രീധരനും ശാന്തയും  കയറി ഇറങ്ങി. ഒരു വർഷം മുമ്പ്  19 വീടുകൾ ഇന്നും ഒഴിഞ്ഞു കിടക്കുന്ന കാട്ടുമാടത്തെ സാഫല്യം പദ്ധതിയിൽ ഉൾപ്പെടുത്തി വീടു തരാമെന്ന് കളക്ട്രേറ്റിൽ നിന്ന്  അറിയിപ്പ്  കിട്ടി, പക്ഷേ ചെന്നപ്പോൾ പട്ടയ പ്രശ്നം പറഞ്ഞ് വീട് കൊടുക്കാതെ തിരിച്ചയച്ചു.

മഴ പെയ്താൽ അകം കുളമാകുന്ന ഈ ഒറ്റമുറി വീടിന്റെ വാടക മാസം 3500 രൂപയാണ്. ഇതിൽ നിന്ന് ഒരു മോചനം മാത്രമാണ്  ഈ കുടുംബം ചോദിക്കുന്നത്. അത് നൽകാൻ ജില്ല ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും  കഴിയാത്തത് എന്തുകൊണ്ടാണെന്ന്  പൊതു സമൂഹത്തിന്റെ ചോദ്യം കൂടിയായി ഉയരുകയാണ്.