ചരിത്ര ജയം പി.ടി. തോമസിന് സമർപ്പിക്കുന്നുവെന്ന് റെക്കോർഡ് ജയത്തിന് പിന്നാലെ ഉമ തോമസിന്റെ പ്രതികരണം. മത്സരം ജോ ജോസഫിന് എതിരെയല്ല, പിണറായിക്കും കൂട്ടര്‍ക്കുമെതിരെ ആയിരുന്നുവെന്ന് ഉമ പ്രതികരിച്ചു. വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും ഉമ പറഞ്ഞു. ഇതോടെ കെ കെ രമയ്ക്ക് പിന്നാലെ യുഡിഎഫിന് നിയമസഭയില്‍ വനിതാ പ്രാതിനിധ്യം വർധിച്ചു.   

 

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ചരിത്ര വിജയം. മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമായ 25,016 വോട്ടിനാണ് വിജയം. 2011ല്‍ ബെന്നി ബെഹ്നാന്‍ നേടിയ 22,329 വോട്ടിന്‍റെ ലീഡാണ് ഉമ  മറികടന്നത്. ആദ്യ റൗണ്ട് മുതല്‍ വോട്ടെണ്ണലില്‍ ഉടനീളം ആധിപത്യം ഉറപ്പിച്ച ഉമ 2021ല്‍ പി.ടിയുെട ലീഡായ 14,329 വോട്ട് ആറാം റൗണ്ടില്‍ മറികടന്നു. 239 ബൂത്തുകളില്‍ എല്‍ഡിഎഫിന് ആകെ  ലീഡ് നേടാനായത്  21 ബൂത്തില്‍ മാത്രം. യുഡിഎഫിന് കെ.കെ.രമയ്ക്ക് കൂട്ടായി ഇനി ഉമയും സഭയിലുണ്ടാകും.