തൃക്കാക്കരയിൽ വോട്ടെണ്ണല്‍ തുടങ്ങി. മുന്നണികൾക്ക് ആകാംക്ഷ. ആദ്യസൂചന പുറത്തുവരും ഉടന്‍ പുറത്തുവരും. പൂര്‍ണഫലം പതിനൊന്നരയോടെ അറിയാം. ആദ്യ റൗണ്ട് എണ്ണല്‍ കോര്‍പറേഷനുകളിലാണ്. കൊച്ചി കോര്‍പറേഷനിലെ ഇടപ്പള്ളി, പോണേക്കര ഡിവിഷനുകള്‍. രണ്ടാം റൗണ്ടില്‍ ദേവന്‍കുളങ്ങര, കറുകപ്പള്ളി, മാമംഗലം, പാടിവട്ടം. എല്‍ഡിഎഫ് ശക്തികേന്ദ്രമെങ്കിലും 2021ല്‍ ആദ്യ റൗണ്ട് ലീഡ് യുഡിഎഫിനായിരുന്നു. രണ്ടാം റൗണ്ട് യുഡിഎഫ് കേന്ദ്രമെങ്കിലും 2021ല്‍ പ്രതീക്ഷിച്ച ലീഡ് നേടിയിരുന്നില്ല. വോട്ടെണ്ണല്‍ ഫലം തല്‍സമയം മനോരമ ന്യൂസില്‍ കാണാം.
വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂർണ റൗണ്ടുകൾ; തുടർന്ന് അവസാന റൗണ്ടിൽ 8 യന്ത്രങ്ങൾ. ആദ്യ 5 റൗണ്ട് പൂർത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മത്സരമാണെങ്കിൽ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാൽ മതി പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.