മദ്യം വാങ്ങാനും അതിവേഗം കയ്യിൽ കിട്ടാനും പുത്തൻ ആപ്പ് പരീക്ഷിക്കാൻ ബംഗാൾ. ഓർഡർ ചെയ്താൽ പത്ത് മിനിറ്റിനുള്ളിൽ മദ്യം വീട്ടിലെത്തുന്ന വിധമുള്ള ‘ബൂസി’ ആപ്പ് കൊൽക്കത്ത നഗരത്തിൽ ഈ ആഴ്ച തന്നെ സേവനം ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് ബൂസി ആപ്പിന് പിന്നിൽ. അതിവേഗം മദ്യമെത്തിക്കുന്ന ആപ്പിന് സർക്കാരും അനുമതി നൽകിയിട്ടുണ്ട്.
ഓർഡർ ലഭിച്ചാൽ ഏറ്റവും അടുത്തുള്ള മദ്യശാലയിൽ നിന്നും മദ്യം ഉടൻ തന്നെ വീട്ടിലെത്തും എന്നതാണ് ആപ്പിന്റെ പ്രത്യേകത. നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഈ വേഗ സേവനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പത്ത് മിനിറ്റിനുള്ളിൽ മദ്യം വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോം കൂടിയാണ് ബൂസി.