തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനവിധി ഇന്ന്. നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ രാവിലെ ഏഴ് മണിമുതല്‍ ജനം, വിധിയെഴുതാന്‍ പോളിങ് ബൂത്തുകളിലെത്തും. 1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. മോക് പോളിങ് അല്‍പസമയത്തിനകം നടത്തും. വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ഒപ്പം എന്‍ഡിഎയും. വികസനം മുതല്‍ വര്‍ഗീയതവരെ സജീവ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പമായിരുന്നു പ്രചാരണം. കുത്തക മണ്ഡലം കൈവിടാതിരിക്കാന്‍ യുഡിഎഫും, യുഡിഎഫ് കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫും രംഗത്തിറക്കിയത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളെ തന്നെയാണ്. സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് ജനം ഇന്ന് മാര്‍ക്കിടുന്നത്.