നിർമാണത്തിനിടെ തകർന്ന കൂളിമാട് പാലത്തിൽ പൊലീസിന്റെ വിജിലൻസ് പരിശോധനയും. വാർത്തകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. വിജിലൻസ് ഇൻസ്‌പെക്ടർ കെ ജയന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധനക്ക് എത്തിയത്. രാവിലെ പൊതുമരാമത്ത് വിജിലൻസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

 

കൂളിമാട് കടവ് പാലം നിർമാണത്തിൽ അപാകതയുണ്ടോ എന്നു കണ്ടെത്താൻ വിശദമായ പരിശോധന വേണമെന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗവും. തകർന്ന ബീമുകൾ മൂന്നും മാറ്റേണ്ടി വരും. റിപ്പോർട്ട് വേഗത്തിൽ സർക്കാരിന് സമർപ്പിക്കാൻ ആണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം. 

 

പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം അന്സാരിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പുഴയിൽ ബീം വീണ ഭാഗവും പാലത്തിന്റെ മുകൾ ഭാഗവും സംഘം വിശദമായി പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ കൃത്യമായ നിഗമനത്തിൽ എത്താൻ ആയിട്ടില്ല. കൂടുതൽ പരിശോധന വേണം. മൂന്ന് ബീമുകളും മാറ്റേണ്ടി വരും. അപകടത്തിൽ മറ്റു തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.  

 

വിശദ റിപ്പോർട്ടിന് സമയമെടുക്കും എന്നതിനാൽ പ്രാഥമിക റിപ്പോർട്ട് ആകും ആദ്യം നൽകുക. അതേസമയം നിർമാണത്തിലെ അപാകതയല്ല യന്ത്ര തകരാർ ആണ് പാലം അപകടത്തിന് കാരണം എന്ന് കരാറുകാരായ ulcc ആവർത്തിക്കുകയാണ്. വിജിലൻസിന് പിന്നാലെ റോഡ് ഫണ്ട് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.