പൗരാവകാശം അടിച്ചമര്‍ത്താനുള്ള നിയമങ്ങളിലെ രാജകുമാരന്‍ എന്നാണ് രാജ്യദ്രോഹ നിയമത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്. വ്യാപകമായ ദുരുപയോഗവും വളരെ കുറഞ്ഞ ശിക്ഷാനിരക്കും നീണ്ട വിചാരണത്തടവും ചൂണ്ടിക്കാട്ടി ഈ നിയമം ഇല്ലാതാക്കണമെന്ന ആവശ്യം ഏറെ വര്‍ഷങ്ങളായുണ്ട്. യുഎപിഎ അടക്കം കൂടുതല്‍ ശക്തമായ നിയമങ്ങള്‍ സര്‍ക്കാരുകള്‍ പ്രയോഗിക്കുന്നത് ഇനി കൂടുമെന്ന വിലയിരുത്തലുകളുണ്ട്. 

 

ഭരണകൂടത്തിനെതിരെ വാക്കുകൊണ്ടോ, പ്രവര്‍ത്തികൊണ്ടോ മറ്റുരീതിയാലോ വിദ്വേഷവും അസംതൃപ്തിയും സൃഷ്ടിക്കുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ. 1962ലെ കേദാര്‍ നാഥ് സിങ് കേസിലെ വിധി പ്രകാരം അക്രമത്തിന് ആഹ്വാനം ചെയ്താല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂ. ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിക്കാം. ഗാന്ധിയും ബാലഗംഗാധര തിലകനും അടക്കം സ്വാതന്ത്ര്യസമരസേനാനികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2010 മുതലുള്ള കണക്ക് നോക്കിയാല്‍ 867 കേസുകളിലായി 13,306 പേര്‍ക്കെതിരെ 124എ ചുമത്തി. 

 

ശിക്ഷാനിരക്ക് 1 ശതമാനത്തില്‍ താഴെ മാത്രം. 2014നും 19നും ഇടയില്‍ 326 കേസ് റജിസ്റ്റര്‍ ചെയ്തു.ആകെ ശിക്ഷിക്കപ്പെട്ടത് 6 പേര്‍ മാത്രം. 6 വര്‍ഷത്തിനിടെ കേരളത്തില്‍ 25 കേസുകള്‍. ഒരെണ്ണത്തില്‍പ്പോലും കുറ്റപത്രം നല്‍കിയിട്ടില്ല. ആരെയും ശിക്ഷിച്ചിട്ടില്ല. 2010 മുതലുള്ള കേസുകളില്‍ 60 ശതമാനവും 5 സംസ്ഥാനങ്ങളില്‍. മുഖ്യമന്ത്രിമാരില്‍ നിതീഷ് കുമാറും ജയലളിതയും യോഗി ആദിത്യനാഥുമാണ് ഏറ്റവും അധികം പ്രയോഗിച്ചത്. 25നും 40നും ഇടയില്‍ പ്രായമുള്ളവരാണ് കുറ്റം ചുമത്തപ്പെട്ടവരില്‍ ഏറെയും. സിംഗപ്പുര്‍ 2021ല്‍ രാജ്യദ്രോഹ നിയമം ഒഴിവാക്കി. 

 

രാജ്യദ്രോഹ നിയമം ഒഴിവാക്കുമെന്ന് പ്രകടനപ്രതികയില്‍ വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിനും കൊളോണിയല്‍ ഭാരമുള്ള നിയമങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനും ഒരുപോലെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്തിന്‍റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ തന്നെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്ന പുതിയ നിയമനിര്‍മാണത്തിന് ഇനി വഴിതുറക്കാം. 

 

െഎപിസി 124 എ:

ഭരണകൂടത്തിനെതിരെ വാക്കുകൊണ്ടോ, പ്രവര്‍ത്തികൊണ്ടോ മറ്റുരീതിയാലോ വിദ്വേഷവും അസംതൃപ്തിയും സൃഷ്ടിക്കുന്നത് രാജ്യദ്രോഹം. ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിക്കാം. 

 

1962ലെ സുപ്രീംകോടതി ഇടപെടല്‍:

അക്രമത്തിന് ആഹ്വാനം ചെയ്താല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്ന് നിര്‍ദേശം. 

 

രാജ്യദ്രോഹക്കുറ്റ നിയമം:

2010 –21ല്‍ 867 കേസുകള്‍. 13,306 പേര്‍ക്കെതിരെ

2014–19ല്‍ 326 കേസുകള്‍. ശിക്ഷിക്കപ്പെട്ടത് 6 പേര്‍

കേരളത്തില്‍ 6 വര്‍ഷത്തിനിടെ 25 കേസുകള്‍. ആരും ശിക്ഷിക്കപ്പെട്ടിട്ടല്ല

 

കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍:

ജാര്‍ഖണ്ഡ് 4,641

തമിഴ്നാട് 3,601

ബിഹാര്‍ 1,608

യുപി 1,383

ഹരിയാന 509

 

കൂടുതല്‍ കേസെടുത്ത മുഖ്യമന്ത്രിമാര്‍:

നിതീഷ് കുമാര്‍

ജെ ജയലളിത

യോഗി ആദിത്യനാഥ്

രഘുബര്‍ ദാസ്

എച്ച് ഡി കുമാരസ്വാമി

 

കേസുകള്‍ നേരിടുന്ന പ്രധാന വിഭാഗങ്ങള്‍:

ആക്ടിവിസ്റ്റുകള്‍ 

അക്കാദമിക് രംഗത്തുള്ളവര്‍

വിദ്യാര്‍ഥികള്‍

രാഷ്ട്രീയ നേതാക്കള്‍

ജേണലിസ്റ്റുകള്‍

 

കേസ് നേരിടുന്ന വിവിധ പ്രായത്തിലുള്ളവര്‍:

18 – 24 പ്രായം – 81 കേസുകള്‍ – 120 പേര്‍ക്കെതിരെ

25–40 പ്രായം – 128 കേസുകള്‍ – 226 പേര്‍ക്കെതിരെ

41–60 പ്രായം – 122 കേസുകള്‍ – 205 പേര്‍ക്കെതിരെ

60 വയസിന് മുകളില്‍ – 61 കേസുകള്‍ – 84 പേര്‍ക്കെതിരെ