മാനത്തു വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് നടന്നു. കേന്ദ്ര ഏജന്‍സിയായ പെസോയുടെ കര്‍ശന നിയമങ്ങള്‍ കാരണം സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് ആസ്വദിക്കാന്‍ പൂരപ്രേമികള്‍ക്കു കഴിഞ്ഞില്ല. ഏഴു മണിയ്ക്കു തുടങ്ങേണ്ട സാംപിള്‍ വെടിക്കെട്ട് ആരംഭിച്ചപ്പോള്‍ എട്ടുമണിയായി. സ്വരാജ് റൗണ്ടിനു സമീപത്തുള്ള പല റോഡുകളിലും അനാവശ്യമായി പൊലീസ് ആളുകളെ തടഞ്ഞതോടെ ദേവസ്വം ഭാരവാഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സാംപിള്‍ വെടിക്കെട്ടില്‍ നിന്ന് പിന്‍മാറുമെന്ന് ദേവസ്വം ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. മന്ത്രിമാരായ കെ.രാജനും കെ.രാധാകൃഷ്ണനും ആര്‍.ബിന്ദുവും ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. അവസാനം, ചില വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് ജില്ലാഭരണകൂടവും പൊലീസും ഉറപ്പുനല്‍കി. അങ്ങനെയാണ്, സാംപിള്‍ പൊട്ടിക്കാന്‍ ദേവസ്വങ്ങള്‍ തയാറായത്. 

 

പാറമേക്കാവ് വിഭാഗം ആദ്യം തീ കൊളുത്തി. ഏഴു മിനിറ്റു നീണ്ട നിന്ന വെടിക്കെട്ട് നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. അടുത്ത ഊഴം തിരുവമ്പാടിയുടേതായിരുന്നു. കുഴിമിന്നലും ഓലപ്പടക്കവും തീര്‍ത്ത പ്രകമ്പനത്തില്‍ സാംപിള്‍ വെടിക്കെട്ട് കസറി. തിരുവമ്പാടിയുടെ കൂട്ടപ്പൊരിച്ചിലും പൂരപ്രേമികളുടെ ഹൃദയങ്ങള്‍ കീഴടക്കി. പിന്നീട് മാനത്ത് നിറങ്ങള്‍ വിരിയിച്ച് അമിട്ടുകള്‍ പൊട്ടി. ഇരുവിഭാഗങ്ങളും മല്‍സരിച്ച് അമിട്ടുകള്‍ പൊട്ടിച്ചു. സാക്ഷാല്‍ പൂരംവെടിക്കെട്ട് ഗംഭീരമാകുന്ന പ്രതീക്ഷ നല്‍കിയായിരുന്നു സാംപിള്‍ പൊട്ടിതീര്‍ന്നത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പൂരം വെടിക്കെട്ട്.