കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പിരപ്പന്‍കോട് മുരളി. താന്‍ എം.എല്‍.എ ആയിരുന്ന പത്തുവര്‍ഷവും കോലിയക്കോട് വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് പിരപ്പന്‍കോട് മുരളി മനോരമ ന്യൂസിനോട് പറഞ്ഞു. കോലിയക്കോടിനെതിരെ ആത്മകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം പാര്‍ട്ടി രേഖകള്‍ തെളിവായുണ്ടെന്നും നിയമനടപടി നേരിടാന്‍ തയ്യാറാണെന്നും പിരപ്പന്‍കോട് മുരളി വെല്ലുവിളിച്ചു. ഇതേസമയം കോലിയക്കോടിനെതിരായ പരാമര്‍ശങ്ങളടങ്ങിയ സിപിഎമ്മിന്‍റെ 1997ലെ പ്രവര്‍ത്തനറിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു.
വാമനപുരത്ത് 1996ലെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നതടക്കം പിരപ്പന്‍കോട് മുരളിയുടെ ആത്മകഥയില്‍ തനിക്കെതിരെ പറഞ്ഞതെല്ലാം കള്ളമെന്നായിരുന്നു തിരുവനന്തപുരത്തെ മുതിര്‍ന്ന സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായര്‍ പറഞ്ഞത്. പറഞ്ഞതെല്ലാം പാര്‍ട്ടിരേഖകളുടെ പിന്‍ബലത്തോടെയെന്ന് പിരപ്പന്‍കോട് മുരളി തിരിച്ചടിച്ചു.
ആത്മകഥയില്‍ പരാമര്‍ശിച്ചിരിക്കുന്ന ആളുകളെ വിളിച്ച് കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. താന്‍ എം.എല്‍.എ ആയിരുന്ന കാലയളവില്‍ മത്തനാട് പാലം പണിയടക്കമുള്ള വികസനപദ്ധതികള്‍ തടസപ്പെടുത്താനും ശ്രമിച്ചു.
കരംതീരുവയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അംഗത്വമെന്ന് കരുതുന്നില്ലെന്നും ആത്മകഥയിലെ തുറന്നുപറച്ചിലിന്‍റെ പേരില്‍ നടപടിയുണ്ടായാല്‍ കുഴപ്പമില്ലെന്നും പിരപ്പന്‍കോട് മുരളി തുറന്നടിച്ചു. വഞ്ചിയൂര്‍ ഏരിയകമ്മറ്റിയംഗമാണ് പിരപ്പന്‍കോട് മുരളി. കോലിയക്കോട് കൃഷ്ണന്‍നായര്‍ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവും. ഇതേസമയം കോലിയക്കോടിനെതിരായ കുറ്റപത്രമുള്ള 1997ല്‍ ബാലരാമപുരത്തു നടന്ന ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തനറിപ്പോര്‍ട്ട് മനോരമ ന്യൂസിന് ലഭിച്ചു. 96ലെ തിരഞ്ഞെടുപ്പില്‍ കോലിയക്കോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്നാണ് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നത്.