മലങ്കര കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്‍മാരെ പ്രഖ്യാപിച്ചു. ഡോ ആന്‍റണി കാക്കനാട്ട്, ഡോ മാത്യൂ മനക്കരക്കാവില്‍ എന്നിവരാണ് പുതിയ മെത്രാന്‍മാര്‍. ദില്ലി ഗുഡ്ഗാവ് ഭദ്രാസനത്തിന്‍റെ മെത്രാനായി തോമസ് മാര്‍ അന്തോണിയോസ് മെത്രാപൊലീത്തയേയും നിയമിച്ചു. പ്രത്യേക പ്രാര്‍ഥന ചടങ്ങുകളോടെയായിരുന്നു പുതിയ ബിഷപ്പുമാരുടെ പ്രഖ്യാപന ചടങ്ങുകള്‍ക്ക് പട്ടം സെന്‍റ്മേരീസ് കത്തീഡ്രലില്‍ തുടക്കമായത് . വത്തീക്കാനില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന അതേ സമയത്ത് ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസാണ് ഡോ ആന്‍റണി കാക്കനാട്ട്, ഡോ മാത്യൂ മനക്കരക്കാവില്‍ എന്നിവരെ ബിഷപ്പുമാരായി പ്രഖ്യാപിച്ചത്. നിയുക്ത മെത്രാന്‍മാരെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവാ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു.
ലങ്കര കത്തോലിക്കാ സുവിശേഷ സംഘം ഡയറക്ടര്‍ ആന്‍റണി കാക്കനാട്ട് തിരുവനന്തപുരത്ത് സഭാ ആസ്ഥാനമായ കതോലിക്കേറ്റ് സെന്‍ററില്‍ കൂരിയ മെത്രാനാകും. തിരുവല്ല അതീരൂപതയില് കടമാന്‍കുളം ഇടവകയില്‍ ജനിച്ച ആന്‍റണി കാക്കനാട്ട് 1987വാണ് വൈദിക പട്ടം സ്വീകരിച്ചത്. ബഹുഭാഷ പണ്ഡിതനായ ആന്‍റണി കാക്കനാട്ട് ഏഴോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.