vijay-babu-05

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതി, നടനും നിർമാതാവുമായ വിജയ് ബാബുവിന് പൊലീസിന്റെ അന്ത്യശാസനം. ചോദ്യംചെയ്യലിന് ഹാജരാകാന്‍ 19 വരെ സമയം നല്‍കണമെന്ന ആവശ്യം പൊലീസ് തള്ളി. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. 

 

‘ചവിട്ടി പുറത്താക്കാൻ കഴിയില്ല’

 

ലൈംഗിക പീഡനക്കേസിൽ നടൻ വിജയ്ബാബുവിനെ ചവിട്ടി പുറത്താക്കാൻ കഴിയില്ലെന്ന് താരസംഘടനയായ അമ്മ. വിജയ്ബാബുവിന് എതിരായ ആഭ്യന്തര പരാതി പരിഹാരസമിതി റിപ്പോര്‍ട്ട് അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന് തുറന്നടിച്ച് നടി മാല പാര്‍വതി സമിതിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് അമ്മ നിലപാട് വ്യക്തമാക്കിയത്. മാല പാർവതിക്ക് എന്തുമാകാമെന്നും ദിലീപ് വിഷയത്തിലടക്കം അമ്മയുടെ തീരുമാനങ്ങൾ തിടുക്കത്തിലായിപ്പോയെന്നും വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു മനോരമ ന്യൂസിനോട് പറഞ്ഞു.

 

ലൈംഗിക പീഡനക്കേസിൽ പ്രതിയായ വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടിവിൽ നിന്ന് നീക്കണമെന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാര്‍ശ. എന്നാല്‍ വിജയ് ബാബു സ്വയം മാറിനില്‍ക്കുന്നതായാണ് അമ്മ വാര്‍ത്താക്കുറിപ്പില്‍ കണ്ടത്. അത് അച്ചടക്ക നടപടിയാകില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ മാല പാര്‍വതി രാജിവച്ചത്.

 

എന്നാൽ മാല പാർവതിയെ താരസംഘടനയായ അമ്മ തള്ളി പറഞ്ഞു. നിയമോപദേശം തേടിയിട്ടാണ് 'അമ്മ' തീരുമാനമെടുത്തതെന്നും വിജയ് ബാബുവിനെ വെറുതെ ചവിട്ടി പുറത്താക്കാൻ കഴിയില്ലെന്നുമാണ് അമ്മ നിലപാട്. സ്ത്രീകൾക്ക് അവരുടേതായ സംഘടനയുണ്ട്. അമ്മയിലെ അംഗങ്ങളെ 'അമ്മ' കേൾക്കേണ്ടതുണ്ട്. മാലാ പാർവതിക്ക് എന്തും ചെയ്യാമെന്നും ഐസിസി അംഗങ്ങളിൽ ബാക്കിയുള്ളവർ സംഘടനയ്ക്കൊപ്പമുണ്ടെന്നും അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ രാജി സംഘടന ആവശ്യപ്പെട്ടത് തിടുക്കത്തിലായിപ്പോയെന്നും തെറ്റുകാരനെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണമെന്നും രക്ഷപ്പെടാൻ സംഘടന ആരെയും അനുവദിക്കില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.