ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയകേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്. വൈസ് ചെയർമാന്റെ മകനും സിനിമാ നിർമതാവും ചേർന്ന് സ്വർണം കടത്തിയെന്ന നിഗമനത്തിലാണ് ചോദ്യം ചെയ്യൽ. കേസിൽ പ്രതിചേർത്ത ഇരുവരും ഒളിവിലാണെന്ന് കസ്റ്റംസ് അറിയിച്ചു. സ്വർണക്കടത്ത് രാഷ്ട്രീയ ആയുധമാക്കി സിപിഎം രംഗത്തെത്തി. മകൻ ഷാബിൻ സ്വർണം കടത്തിയെന്ന കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ എ.എ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് നോട്ടിസ് നൽകി ഇബ്രാഹിം കുട്ടിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ.
ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും സിനിമാ നിർമാതാവ് കെ.പി.സിറാജുദ്ദിനും ചേർന്ന് സ്വർണം കടത്തിയെനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഷാബിനും സിറാജ്ജുദ്ദിനുമടക്കം നാല് പേരാണ് കേസിൽ പ്രതികൾ. സിറാജ്ജുദ്ദിൻ ദുബൈലേക്ക് കടന്നതായി അറിയിച്ച അന്വേഷണസംഘം ഷാബിനും ഒളിവിലാണെന്ന് വ്യക്തമാക്കി. സ്വർണമടങ്ങിയ പാർസൽ വാങ്ങാൻ വിമാനത്താവളത്തിൽ എത്തിയ നകുലിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. യു.ഡി.എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ ഉയർന്ന സ്വർണക്കടത്ത് വിവാദം രാഷ്ട്രീയ ആയുധമാക്കി സിപിഎം രംഗത്ത് വന്നു. മകൻ നിരപരാധിയാണെന്ന് ഇബ്രാഹിംകുട്ടി ആവർത്തിച്ചു. എല്ലാം രാഷ്ട്രീയനാടകമാണ്. നഗരസഭയിൽ പ്രതിഷേധം നടത്തിയ പ്രതിപക്ഷ കൗൺസിലർമാർ വൈസ് ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.