Sakshi-Dhoni

TAGS

കൽക്കരി പ്രതിസന്ധിയുടെ ആഘാതത്തിൽ വലയുകയാണ് ജാർഖണ്ഡിലെ വൈദ്യുതി നിലയങ്ങൾ. ഇതിന്റെ ഫലമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ  വൈദ്യുതി വിതരണം വെട്ടിക്കുറക്കുകയും സംസ്ഥാനത്ത് വൈദ്യുതിക്ഷാമം കടുക്കുകയും ജാർഖണ്ഡിലാകെ ലോഡ്ഷെഡിങ് ഏർപ്പെടുത്തുകയും ചെയ്തു. 

ഇപ്പോഴിതാ ജാർഖണ്ഡിലെ വൈദ്യുത വകുപ്പിനെ നിർത്തിപൊരിച്ചിരിക്കുകയാണ് മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ജാർഖണ്ഡിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനു പിന്നാലെ  സാക്ഷി ധോണി ട്വിറ്ററിൽ കുറിച്ച ചൂടൻ ചോദ്യം ചർച്ചയാവുകയും ചെയ്തു. "എന്തുകൊണ്ടാണ് ജാർഖണ്ഡിൽ ഇത്ര വൈദ്യുതി പ്രതിസന്ധി? ഇത്രയും വർഷങ്ങളായി ജാർഖണ്ഡിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടെന്നറിയാൻ നികുതിദായക എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നു’’ – സാക്ഷിയുടെ വൈറൽ ട്വീറ്റ് ഇങ്ങനെയായിരുന്നു.

സംസ്ഥാനത്ത് മിക്കയിടത്തും 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ചൂട്. പടിഞ്ഞാറൻ സിംഗ്ഭും, കോഡെർമ, ഗിരിദിഹ് ജില്ലകളിൽ ഉഷ്ണതരംഗം പിടിമുറുക്കുകയാണ്. ഏപ്രിൽ 28 ഓടെ റാഞ്ചി, ബൊക്കാറോ, ഈസ്റ്റ് സിങ്‌ഭം, ഗർവാ, പലാമു, ഛത്ര എന്നിവിടങ്ങളിലും ഉഷ്ണതരംഗം തീവ്രമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിനിടെ ലോഡ് ഷെഡ്ഡിങ് പോലുള്ള നിയന്ത്രണത്തിന്റെ ദുരിതം പേറുന്നത് ജനവും.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. മാർച്ച് പകുതി മുതൽ ഉഷ്ണതരംഗം കാരണം വൈദ്യുതി ആവശ്യകത വർധിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ സംസ്ഥാനങ്ങൾ വ്യവസായങ്ങൾക്കുള്ള വൈദ്യുതി വിതരണം കുറയ്ക്കുകയും കാർഷിക മേഖലയ്ക്കുള്ള വിതരണം പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അധിക വൈദ്യുതി വിതരണത്തിനുള്ള അഭ്യർഥനകൾ കേന്ദ്രം പരിഗണിക്കുന്നില്ലെന്നാണ് സംസ്ഥാനങ്ങളുടെ ആക്ഷേപം