sreenivasan-murder-07
പാലക്കാട് നഗരത്തില്‍ മേലാമുറിയില്‍ കടയില്‍ കയറി ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. സിസിടിവി ദൃശ്യങ്ങളും ഇരുചക്രവാഹനത്തിന്റെ നമ്പരും പിന്തുടര്‍ന്നാണ് പ്രതികളിലേക്കെത്തിയത്. തീവ്ര രാഷട്രീയ സംഘടനയില്‍ ഭാരവാഹിത്വമുള്ളവരും നഗരപരിധിയില്‍ ഉള്‍പ്പെടുന്നവരും സംഘത്തിലുണ്ടെന്നാണ് നിഗമനം. അതേസമയം കൊല്ലപ്പെട്ട മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖും മൂത്താന്തറ സ്വദേശിയുമായ ശ്രീനിവാസന്റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. വിലാപയാത്രയും പൊതുദര്‍ശനവും കഴിഞ്ഞ് സമുദായ ശ്മശാനത്തില്‍ സംസ്ക്കരിക്കും. പാലക്കാട് ജില്ലയില്‍ ഈമാസം ഇരുപത് വരെ കലക്ടര്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ നിലവിലെ അന്വേഷണ പുരോഗതിയും സുരക്ഷാ കരുതലും വിലയിരുത്തി.