TAGS

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്മെന്റ്. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. ശമ്പളം ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചന. അതേസമയം സി.ഐ.ടി.യുവിന് പിന്നാലെ എഐടിയുസിയും ബി.എം.എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും.  

 

മാര്‍ച്ചിലെ ശമ്പളത്തിനായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് ഏപ്രില്‍ പാതിപിന്നിട്ടും തുടരുകയാണ്. ജോലി ചെയ്ത് 47 ദിവസമായിട്ടും കൂലിയില്ലാത്ത ദയനീയാവസ്ഥ. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് ശമ്പളത്തിന് വേണ്ടി ഇടത് യൂണിയന്‍ തന്നെ സമരത്തിനിറങ്ങുന്നത്. വികസനം പറയുന്ന സര്‍ക്കാരിന് ഇത് വലിയ നാണക്കേടായതോടെയാണ് ഏത് വിധേനയും പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍. മുപ്പത് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 75 കോടിയുണ്ടങ്കിലെ ശമ്പളത്തിന് തികയു. അതുകൂടി ഉടന്‍ തരണമെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അനുവദിച്ച മുപ്പത് കോടി ഇന്ന് കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. അതുപയോഗിച്ച് ഗഡുക്കളായി ശമ്പളം നല്‍കാനും ആലോചനയുണ്ട്. അതേസമയം മാനേജ്മെന്റിനെതിരെ ഇടത് യൂണിയന്‍ സമരം കടുപ്പിക്കുകയാണ്.

 

സി.ഐ.ടി.യുവിന് പിന്നാലെ എഐടിയുസിയും ബി.എം.എസും ഇന്ന് മുതലും ഐഎൻടിയുസിയും തിങ്കളാഴ്ചയും സമരം തുടങ്ങുന്നതോടെ കെ.എസ്.ആര്‍.ടി.സിയിലാകെ സമരമാവും. 28ന് സി.ഐ.ടി.യു പ്രഖ്യാപിച്ച പണിമുടക്കിന് മുന്‍പ് പ്രശ്നപരിഹാരം കാണാനാണ് ശ്രമം.