പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രതികളെത്തിയ രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് വ്യവസായ മേഖയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കാര്‍ കണ്ടതായി പരിസരത്ത് ഹോട്ടല്‍ നടത്തുന്ന രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു. രാത്രിയും ഉടമകള്‍ എത്താത്തതിനാല്‍ സംശയം തോന്നിയാണ് പൊലീസില്‍ അറിയിച്ചത്. കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കാര്‍ ഇന്നലെ ആക്രമണം നടത്തിയ സ്ഥലത്തുതന്നെ ഉപേക്ഷിച്ചിരുന്നു. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് തമിഴ്നാട്ടിലും തിരച്ചില്‍ തുടങ്ങി.