Pohela-Boishakh-2022

മലയാളികള്‍ വിഷു ആഘോഷിക്കുമ്പോള്‍ ബംഗാള്‍ ജനതക്ക് ഇന്ന് പുതുവര്‍ഷ ആഘോഷമാണ്. ബംഗാള്‍ കലണ്ടര്‍ പ്രകാരം ഇന്നാണ് പെഹെല ബോയിഷാഖ് എന്നറിയപ്പെടുന്ന അവരുടെ പുതുവര്‍ഷം ആരംഭിക്കുന്നത്. മലയാളികളുടെ വിഷുദിനത്തിലാണ് ബംഗാളികളുടെ നവവല്‍സരം പിറക്കുന്നത്. ബംഗ്ലാദേശിന്റെ ഔദ്യോഗിക കലണ്ടറിലെ ആദ്യ ദിനമാണ് പെഹെല ബോയിഷാഖ്.

ബംഗ്ലാദേശുകാര്‍  ഏപ്രില്‍ 14 ന് ആചരിക്കുന്ന പുതുവര്‍ഷാരംഭം പശ്ചിമ ബംഗാള്‍ , ത്രിപുര , അംസം എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഏപ്രില്‍ 15 നാണ് ആഘോഷിക്കുന്നത്. ബംഗാള്‍ ജനതയുടെ സാംസ്കാരിക ഉല്‍സവം കൂടിയായ ഈ ദിനത്തില്‍ ഘോഷയാത്രകളും നൃത്തവും സംഗീതവുമൊക്കെയാണ് പ്രധാന ആഘോഷങ്ങള്‍. മുഗള്‍ കാലഘട്ടവുമായി ബന്ധമുള്ള പെഹേല ബോയ്ഷാഖ് ആഘോഷത്തിന്റെ മംഗോള്‍ ശോഭായാത്ര വളരെ പ്രസിദ്ധമാണ്. 2016 ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ മംഗോള്‍ ശോഭായാത്രയില്‍ നിരവധി പേരാണ് പങ്കെടുക്കുന്നത്.