ബിഹാറിൽ 60 അടിനീളമുള്ള ഇരുമ്പ് പാലം മോഷ്ടിച്ച സംഭവത്തിൽ എട്ടുപേർ പിടിയിൽ.ജലവിഭവ വകുപ്പിലെ ഒരു സബ് ഡിവിഷൻ ഓഫിസർ അടക്കമാണ് കേസിൽ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്ന് ഇരുമ്പ് പാലത്തിൽ നിന്ന് മോഷ്ടിച്ച 247 കിലോഗ്രാം ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ഒപ്പം മോഷണത്തിന് ഉപയോഗിച്ച ജെസിബിയും പിടികൂടിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് മൂന്ന് ദിവസം പണിയെടുത്ത് പാലം പൊളിച്ചുകൊണ്ടുപോയത്.
കാലപ്പഴക്കം ചെന്ന ഇരുമ്പ് പാലമാണ് മൂന്ന് ദിവസം പണിയെടുത്ത് കള്ളൻമാർ പൊളിച്ചുെകാണ്ടുപോയത്.ബിഹാറിലെ റോഹ്താസ് ജില്ലയിലെ അമിയവാറിൽ ആര കനാലിനുകുറുകെ 1972-ൽ നിർമിച്ച പാലമാണ് പൊളിച്ചുകൊണ്ടുപോയത്. 60 അടി നീളവും 500 ടൺ ഭാരവുമുള്ള പാലമാണ് മോഷണം പോയത്. പാലം പൊളിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നടപടി എടുത്തില്ല. ഇത് അറിഞ്ഞ കൊള്ളസംഘം ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി പൊളിക്കൽ തുടങ്ങി. ആവശ്യം സർക്കാർ അംഗീകരിച്ചതാണെന്ന് നാട്ടുകാരും കരുതി. പാലം ലോറിയിലേറി പോയ ശേഷമാണ് വന്നത് കള്ളൻമാരായിരുന്നുവെന്ന് നാട്ടുകാരും തിരിച്ചറിയുന്നത്.
പകൽ വെളിച്ചത്തിൽ, ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രവുമെല്ലാം ഉപയോഗിച്ച് ‘ദൗത്യം’ പൂർത്തിയാക്കാൻ 3 ദിവസമെടുത്തു. അമിയാവർ ഗ്രാമത്തിൽ അറ കനാലിനു മുകളിലൂടെയുള്ള പാലം 1972 ൽ പണിതതാണ്. അപകടാവസ്ഥയിലായതിനെ തുടർന്ന് ഉപേക്ഷിച്ച പാലത്തിനു സമീപമുള്ള പുതിയ കോൺക്രീറ്റ് പാലമാണ് നിലവിൽ ഉപയോഗിക്കുന്നത്.