
ബിജെപിയെയും കേന്ദ്ര ഏജൻസികളെയും ഭയന്ന് മായാവതി കോൺഗ്രസുമായി സഖ്യത്തിന് ഉത്തർപ്രദേശിൽ തയാറായില്ല എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് മറുപടിയുമായി മായാവതി രംഗത്ത്. ആരോപണം വ്യാജമാണെന്ന് അവർ പറയുന്നു. മുൻപും ബിഎസ്പിയെ അപകീർത്തിപ്പെടുത്താൻ രാജീവ് ഗാന്ധിയും ശ്രമിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും അതേ പാത പിന്തുടരുകയാമെന്നും മായാവതി പറയുന്നു.
സഖ്യത്തിലായാൽ മുഖ്യമന്ത്രി സ്ഥാനം വരെ ബിഎസ്പിക്ക് നൽകാമെന്ന് കോൺഗ്രസ് പറഞ്ഞിട്ടും മായാവതി കേട്ടില്ല എന്നായിരുന്നു രാഹുലിന്റെ പരാമർശം. ബിെജപിയെയും കേന്ദ്ര ഏജൻസികളെയും പേടിച്ചാണ് മായാവതി പിൻമാറിയത് എന്നായിരുന്നു ആരോപണം. താൻ ആരെയും പേടിച്ച് പിൻമാറിയിട്ടില്ല. ബിെജപിക്കെതിരായ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്തൂവെന്നും എന്നിട്ട് ബിഎസ്പിയെ വിമർശിക്കൂവെന്നും മായാവതി പറയുന്നു. 2007 മുതൽ 2012 വരെ താൻ യുപി ഭരിക്കുമ്പോൾ അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടാക്കിയെന്നും അവർ ആരോപിച്ചു.
യുപിയിൽ ശക്തമായി വേരോട്ടമുണ്ടായിരുന്ന ബിഎസ്പി ഇത്തവണ ഒരു സീറ്റിലേക്ക് ഒതുങ്ങിപോയിരുന്നു. ഏഴ് സീറ്റുണ്ടായിരുന്ന കോൺഗ്രസ് രണ്ട് സീറ്റിലേക്കും ചുരുങ്ങി. ഇത്തവണ മായാവതി മൽസരിക്കാൻ പോലും തയാറായിരുന്നില്ല. ബിജെപിയെ ഭയന്നുള്ള ഒളിച്ചോട്ടമാണെന്നും തുടർഭരണത്തിന് അവസരമൊരുക്കാൻ പിൻമാറിയതാണെന്നും ആരോപണം ഉയർന്നിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്കും മായാവതിയെ ബിജെപി പരിഗണിക്കുന്നുവെന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇത് ബിഎസ്പിയും മായാവതിയും തള്ളി.