ഫോറന്‍സിക് രംഗത്ത് ഏറ്റവും ആത്മാര്‍ഥമായി കേസുകളെ സമീപിച്ചിരുന്നത് ആരെന്ന് ചോദിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉത്തരമേ ഉള്ളൂ. ഡോ രമ.  നൂലാമാലകള്‍ ഏറെയുള്ള കേസുകളില്‍ വ്യക്തവും കൃത്യവുമായി ഫോറന്‍സിക് ദൗത്യം നിര്‍വഹിച്ചിരുന്നു. ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു, ഡോ.രമ ചുമതല നിര്‍വഹിച്ചു തുടങ്ങിയത്. ദീർഘകാലമായി അസുഖബാധിതയായി രമ  അറുപത്തിഒന്നാം വയസിലാണ് അന്തരിച്ചത്. സംസ്ഥാനത്തെ പല പ്രധാന കേസുകളിലും  പ്രോസിക്യൂഷന് നിർണായക കണ്ടെത്തലുകൾ നല്‍കിയതിലൂടെയാണ് ഡോ.രമ‌ ശ്രദ്ധേയായത്. നടന്‍ ജഗദീഷ് ഭര്‍ത്താവാണ്.   

 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ  എംബിബിഎസ് പഠനത്തിന് ശേഷം ഫോറൻസികിൽ എംഡി. ചങ്ങനാശ്ശേരി മേരിക്കുട്ടി വധക്കേസാണ് ആദ്യ സുപ്രധാന കേസ്  മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ.രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളായിരുന്നു.  അഭയ കേസിൽ സിസ്റ്റര്‍ സെഫി കന്യാചർമ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ.രമയുടെ നേതൃത്വത്തിലായിരുന്നു. 

 

കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ്, അക്കു വധക്കേസ് എന്നിവയും ജനശ്രദ്ധനേടി സർവീസ് തീരാൻ വർഷങ്ങൾ ബാക്കിനിൽക്കെ അസുഖത്തെ തുടര്‍ന്ന്   സ്വയം വിരമിക്കുകയായിരുന്നു. അഭയ കേസിൽ, വീട്ടിലെത്തിയാണ് ഡോക്ടറുടെ നിർണായക മൊഴി കോടതി രേഖപ്പെടുത്തിയത്. നടന്‍ ജഗദീഷിന്‍റെ ഭാര്യയായിരുന്നപ്പോഴും പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാതെ തന്‍റെ കര്‍ത്തവ്യങ്ങളില്‍ മുഴുകിയിരുന്നു ഡോ രമ.