PTI3_19_2019_000042B

ഡിഎംകെയുടെ ഡൽഹി ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാകും. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ചടങ്ങിനെത്തും. നാളെ വൈകിട്ട് 5 മണിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ആണ് ദീൻ ദയൽ ഉപാധ്യായ മാർഗിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് ഉദ്‌ഘാടനം ചെയ്യുന്നത്.

നാളെ 5 മണിക്ക് പാർട്ടിയുടെ അഭിമാന മന്ദിരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്‌ഘാടനം ചെയ്യുമ്പോൾ സാക്ഷിയാകാൻ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിന് എത്തിയേക്കില്ല. പകരം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പങ്കെടുക്കും. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഒരു നിര തന്നെ ചടങ്ങിന് സാക്ഷികളാകും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഡൽഹിയിൽ എത്തുന്നതിൽ തീരുമാനം ആയിട്ടില്ല.അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനങ്ങൾ മുഴങ്ങി കേൾക്കുന്നതിനിടെയാണ്  ഈ ചടങ്ങ് എന്നതും ശ്രദ്ധേയമാണ്.

മുന്നണിയിൽ കോൺഗ്രസ്‌ വേണമെന്നും വേണ്ടന്നും വാദിക്കുന്ന പ്രതിപക്ഷ പാർട്ടികൾ തമ്മിൽ തർക്കങ്ങളും തുടരുകയാണ്. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയുള്ള പ്രതിപക്ഷ മുന്നണിക്ക് മാത്രമാണ് ഡിഎംകെ യുടെ താല്പര്യം. ഈ സാഹചര്യത്തിൽ എം കെ സ്റ്റാലിന്റെ ദേശീയ തലത്തിലെ നീക്കങ്ങൾക്ക് ഈ ആസ്ഥാന മന്ദിരം ഏത് രീതിയിൽ സാക്ഷ്യം വഹിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.