കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യമാകെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും. മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കുന്നതിനാല്‍ വാഹനഗതാഗതം മുടങ്ങും. വ്യാപാര–വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരും പണിമുടക്കിന്‍റെ ഭാഗമാകും. കേരളത്തില്‍ വിപുലമായ സമരപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കലും നിര്‍ത്തിവയ്ക്കുക, കര്‍ഷകസംഘടനകളുടെ അവകാശപത്രിക അംഗീകരിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ കേന്ദ്ര നികുതി കുറയ്ക്കുക, വിലക്കയറ്റം തടയുക, കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടം നേരിട്ടവര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ പങ്കാളികളാകും. ആശുപത്രി, ആംബുലന്‍സ് സര്‍വീസ്, പത്രം, പാല്‍ തുടങ്ങി അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.