ഡ്രൈയിനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഭാര്യയുടെ വായില്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സിബിഐ ഏറ്റെടുത്തു. കാനഡയില്‍ വച്ച് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയതില്‍ ചോറ്റാനിക്കര പൊലീസ്  രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഏറ്റെടുത്തത്. എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. 

  

കാനഡയില്‍ വച്ച് ഡ്രൈനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തു വായിലൊഴിച്ച് ഭര്‍ത്താവ് യുവതിയുടെ അന്നനാളവും, ശ്വാസനാളവുമടക്കം കരിച്ച് കളഞ്ഞുവെന്ന കേസിലാണ് കോടതി ഇടപെടലോടെ സിബിഐ അന്വേഷണം ഏറ്റെടുത്തത്. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ് ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീകാന്ത് മേനോനെതിരെ പരാതി നല്‍കിയത്.  2018 ല്‍ വിവാഹം കഴിഞ്ഞ ശ്രുതി 2020ല്‍ ഭര്‍ത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭര്‍ത്താവ് ഇവിടെ വച്ച് ക്രൂരമായി മര്‍ദിച്ചെന്നും ഡ്രൈനേജ് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന ഡിആര്‍എന്‍ഒ എന്ന രാസവസ്തു കുടിപ്പിച്ചെന്നുമാണ് പരാതി. 

ഗുരുതരമായി പരുക്കേറ്റ യുവതി നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. 

 

കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തിലാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. യുവതിയുടെ 75 പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്നും പരാതിയുണ്ട്. 2020 ‍ഡ‍ിസംബറില്‍ ചോറ്റാനിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായില്ല. മാത്രവുമല്ല കേസിനാസ്പദമായ സംഭവങ്ങള്‍ ഏറെയും നടന്നത് കാനഡയിലായതിനാല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.