TAGS

പാരസെറ്റാമോള്‍ അടക്കം അവശ്യമരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മൊത്തവിലയില്‍ വന്‍വര്‍ധന. ചില്ലറവിലയിലും ആനുപാതികമായ മാറ്റമുണ്ടാകാന്‍ ഇടയുണ്ടെന്നത് ജനങ്ങളെ പ്രതികൂലമായി ബാധിക്കും. വില വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. 800 മരുന്നുകളുടെ മൊത്തവിലയില്‍ 10.7 ശതമാനം വര്‍ധനയാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഒാഫ് ഇന്ത്യ പ്രഖ്യാപിച്ചത്. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണ് ചില്ലറ വില്‍പനയ്ക്കുള്ള വിലയും നിര്‍ണയിക്കുന്നത്. രോഗികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒാള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‍വര്‍ക്ക് വിലക്കയറ്റത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നു. 

നേരത്തെ മൊത്തവില നാലു ശതമാനംവരെ കൂടിയപ്പോള്‍ ചില്ലറ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ പത്തുശതമാനത്തിലധികം വര്‍ധന ചില്ലറവിലയിലും പ്രതിഫലിക്കും. പനി, ഇന്‍ഫക്ഷനുകള്‍, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ത്വക് രോഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ഉയര്‍ന്നത്. പാരസെറ്റാമോളിന് പുറമേ ഫിനോര്‍ബാര്‍ബിറ്റോണ്‍, ഫിനൈറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, ഫോളിക് ആസിഡ് എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്. മരുന്നുകള്‍കക്് പുറമേ നീ ഇംപ്ലാന്‍റ്സ്, കൊറോണറി സ്റ്റെന്‍റ് എന്നിവയുടെ വിലയും കൂടും. ഒറ്റയടിക്ക് 10 ശതമാനത്തിലധികം വര്‍ധിക്കുന്നത് ദീര്‍ഘകാലത്തിനിടെ ഇതാദ്യമായാണ്. പ്രതിവര്‍ഷം രണ്ടോ, മൂന്നോ ശതമാനമാണ് സാധാരണയായി വര്‍ധിപ്പിക്കാറ്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വില 20 ശതമാനം വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് നിര്‍മാണ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.