നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉധ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയില്‍. വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സെന്റ്. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ട്. ചോദ്യം ചെയ്യലിന് ബൈജു പൗലോസ് നല്‍കിയ നോട്ടിസിലെ തുടര്‍നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി.
അതേസമയം, വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ.ഹരിപാല്‍ പിന്മാറി. അടുത്തയാഴ്ച മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും. അതിനിടെ ദിലീപിന്‍റെ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് സംശയിക്കുന്ന സായ്ശങ്കറുടെ ഫ്ളാറ്റിലും ഓഫീസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഒരു ഐപാഡും രണ്ട് മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ.ഹരിപാല്‍ പിന്‍മാറിയത്. മെയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഹരിപാല്‍ കേസില്‍ നിന്ന് പിന്‍മാറിയത്. രാവിലെ ആദ്യം കേസ് പരിഗണിച്ച കോടതി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്‍റെ ആവശ്യം നിരസിച്ചിരുന്നു. വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 28ലേക്ക് കേസ് മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ അല്‍പസമയത്തിന് ശേഷം മറ്റൊരു ദിവസത്തേക്ക് വാദം കേള്‍ക്കല്‍ മാറ്റണമെന്ന് ദിലീപിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴാണ് കേസില്‍ നിന്ന് പിന്‍മാറുന്നതായി അദ്ദേഹം അറിയിച്ചത്. കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന ദിലീപിന്‍റെ വാദം കണക്കിലെടുത്ത് അടുത്തയാഴ്ച മറ്റൊരു ബഞ്ച് പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തു. അതേസമയം ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന ഐപാഡ് കണ്ടെടുക്കാനാണ് സ്വകാര്യ സൈബര്‍ വിദഗ്ദനായ സായ്ശങ്കറിന്‍റെ ഫ്ളാറ്റിലും ഓഫീസിലും പരിശോധന നടത്തിയത്.
ഇവിടെ നിന്ന് രണ്ട് ഫോണുകളും ഒരു ഐ പാഡും പിടിച്ചെടുത്തു. അഡ്വക്കറ്റ് രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് ദിലീപിന്‍റെ ഫോണുമായി കണക്ട് ചെയ്തതെന്ന് സംശയിക്കുന്ന ഐപാഡ് ആണ് പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സായ്ശങ്കറിന് അന്വേഷണസംഘം നോട്ടിസ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ സായ്ശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്.