തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന ഉള്‍പ്പടെ നാലുപേര്‍ക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റു. നിലത്തുവീണ സഫ്നയെ വളഞ്ഞിട്ട് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അക്രമികളെകുറിച്ച് വിവരം നല്‍കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്ന് കെ.എസ്.യു ആരോപിച്ചു. വ്യത്യസ്ത പരാതികളില്‍ പൊലീസ് ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തു.

ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു ലോ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടാകുന്നത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് സഫ്നയടക്കം നാല് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരഞ്ഞെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ഥികളില്‍ ജയിച്ചതാകും പ്രകോപനത്തിന് കാരണമെന്ന് സഫ്ന പറഞ്ഞു. വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ കയറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും പരാതിയുണ്ട്.

മുമ്പും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിട്ടുണ്ടെന്നും കോളജ് അധികൃതരോട് പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്നും സഫ്ന പറഞ്ഞു. യൂത്ത് കോണ്‍. പ്രസിഡന്‍റ് ഷാഫി പറമ്പിലും കെ.എസ്.യു പ്രസിഡന്‍റ് കെ.എം.അഭിജിത്തും മെഡിക്കല്‍കോളജിലെത്തി പരുക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. കെ.എസ്.യുക്കാരുടെ പരാതിയില്‍ എട്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐക്കാര്‍ നല്‍കിയ പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.