TAGS

ചരിത്രവിജയത്തിന് പിന്നാലെ പഞ്ചാബിൽ ആം ആദ്മി സർക്കാർ ഇന്ന് അധികാരമേറ്റിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിങ്ങിന്റെ ജന്മദേശമായ ഖട്ഖർ കലനിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ് ഗവർണർ ഭൻവാരിലാൽ പുരോഹിതിന്റെ മുൻപാകെയാണ് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 

 

ഇതിന് പിന്നാലെ മുഖ്യമന്ത്രി അധികാരമേൽക്കുന്ന ഒരു ചിത്രം പങ്കിട്ട് ചോദ്യമുന്നയിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ്. ഭഗവന്ത് മാൻ അധികാരമേൽക്കുന്ന മുറിയിൽ ഭഗത് സിങ്ങിന്റെയും ഡോ. ഭീം റാവു അംബേദ്കറിന്റെയും ചിത്രങ്ങൾ കാണാം. എവിടെയാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി എന്നാണ് ശ്രീനിവാസിന്റെ ചോദ്യം. പുതിയ പഞ്ചാബിലെ ചെറിയ സംഘികൾ എന്നാണ് അദ്ദേഹം ചിത്രം പങ്കിട്ട് ആം ആദ്മി പാർട്ടി നേതാക്കളെ വിശേഷിപ്പിച്ചത്.

 

അതേസമയം അഴിമതി ഇല്ലാതാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഭഗവന്ത് മാൻ പറഞ്ഞു. തന്റെ പാർട്ടിക്ക് വോട്ടുചെയ്യാത്തവരുൾപ്പെടെ, പഞ്ചാബിലെ എല്ലാവരുടേയും  മുഖ്യമന്ത്രിയാണ് താൻ. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങൾക്ക് അറിയാം. ഏഴുവർഷമായി ലോക്സഭാ അംഗമായിരുന്നു. ഡൽഹിയിലെ ജനം എഎപി സർക്കാരിനെ വീണ്ടും തിരഞ്ഞെടുത്തു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിർന്ന പല നേതാക്കളും തോറ്റു. പുതിയ പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാകുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ പ്രതികരിച്ചു. 117 അംഗ നിയമസഭയിൽ 92 സീറ്റും ആം ആദ്മിയാണ് നേടിയത്. 58,206 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഭഗവന്ത് മാൻ ജയിച്ചത്. 

 

പഞ്ചാബിലെ ഒറ്റ സർക്കാർ ഓഫിസിൽപ്പോലും മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പകരം ഭഗത് സിങ്ങിന്റെയും ഡോ. ഭീം റാവു അംബേദ്കറിന്റെയും ചിത്രങ്ങളാകും സർക്കാർ ഓഫിസുകളിലെ ചുവരുകളിൽ ഉണ്ടാകുക.