
തുടര്‍ച്ചയായ രണ്ടാം ദിവസവും റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സൂമിയില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ വൈകുന്നു. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ പുതിയ അറിയിപ്പുകളൊന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുണ്ടായിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകാത്തതില്‍ കടുത്ത ആശങ്കയുണ്ടെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ ഇന്ത്യ പറഞ്ഞു. കുടുങ്ങിക്കടിക്കുന്നവരെ രക്ഷപ്പെടുത്താന്‍ റഷ്യയും യുക്രെയ്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സൂമിയില്‍ ഉള്‍പ്പെടേ റഷ്യ ഇന്നലെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രഹസനമായി മാറിയിരുന്നു. ഇതോടെ എഴുനൂറോളം ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ മുടങ്ങി. അറിയിപ്പുണ്ടാകുന്ന ഉടനെ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് ഇന്നലെ രാത്രി എംബസി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇന്നത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തുടര്‍ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. സൂമിയില്‍ നിന്ന് പോള്‍ട്ടോവ വഴി വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാണ് തീരുമാനം. ഇതിനായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പോള്‍ട്ടേവയില്‍ എത്തി കാത്തിരിക്കുകയാണ്. ഒഴിപ്പിക്കല്‍ ദൗത്യം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വിഷയം ഇന്ത്യ യു.എന്‍ രക്ഷാ സമിതിയില്‍ ഉന്നയിച്ചു. ഇന്ത്യക്കാരുള്‍പ്പെടെ നിരപരാധികളായ സിവിലിയന്‍മാരെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്നും ഇന്ത്യയുടെ യു.എന്‍ സ്ഥിരംപ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
അതേസമയം ഓപ്പറേഷന്‍ ഗംഗ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 17,400 വരെ 83 വിമാനങ്ങളിലായി തിരിച്ചെത്തിച്ചു. റുമാനിയ വഴി 200 പേരെ കൂടി ഇന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തി. ഇന്ന് നാനൂറ് പേരെ എത്തിക്കുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ് അറിയിച്ചു. എംബാം ചെയ്ത് മൃതദേഹം യുക്രെയ്നിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.