ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ സര്‍‌ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ അനാരോഗ്യം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 180 തസ്തികയില്‍ ഒരാളെപോലും നിയമിച്ചിട്ടില്ല. തെറപ്പിസ്റ്റുകളില്ലാത്തതിനാല്‍ പകരക്കാരാകുന്നത് അറ്റന്‍ഡറും സ്വീപ്പറുമാണെന്ന് ‍‍ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. ഡോക്ടര്‍മാരെ അവഹേളിക്കും വിധം പ്രതികരിച്ച കെ ബി ഗണേഷ്കുമാര്‍ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം അറിയിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍‌ ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു.   

 

പത്തനാപുരം തലവൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ കെ ബി ഗണേഷ്്കുമാര്‍ എംഎല്‍എ നടത്തിയത് പ്രത്യേകതരം ഒരു ഷോയാണെന്നാണ് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വിമര്‍ശനം. ആശുപത്രി നന്നാകണമെങ്കില്‍ ജീവനക്കാരും അടിസ്ഥാനസൗകര്യവും ഉണ്ടാകണമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളായ കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഒാഫീസേഴ്സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഒാഫീസേഴ്സ് ഫെഡറേഷനും ആരോഗ്യമന്ത്രിക്ക് നല്‍‌കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ബജറ്റില്‍ 180 തസ്തിക പ്രഖ്യാപിച്ചതല്ലാതെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല. 125 ആയുര്‍വേദ ആശുപത്രികളില്‍ 35 ഇടത്താണ് തെറപ്പിസ്റ്റ് തസ്തികയുളളത്. പഞ്ചകര്‍മയ്ക്ക് ഉള്‍പ്പെടെ ആവശ്യമുളള തെറപ്പിസ്റ്റുകളില്ലാത്തതിനാല്‍ അറ്റന്‍ഡറും സ്വീപ്പറുമൊക്കെയാണ് പകരക്കാരാകുന്നത്. സംസ്ഥാനമൊട്ടാകെ 460 തെറപ്പിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കണമെന്നാണ് കണക്ക്.

                  

കണ്ണൂര്‍ ഇളയാവൂര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തെങ്കിലും ജീവനക്കാരില്ല. അട്ടപ്പാടിയില്‍ തസ്തിക അനുവദിക്കാതെ 20 കിടക്കയുളള ആശുപത്രിയാക്കാനും നീക്കമുണ്ട്. ആരോഗ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയില്‍ പതിമൂന്നിടത്തും, ഇടുക്കിയില്‍ 36 ഇടത്തും ഫാര്‍മസിസ്റ്റ് ഒഴിവുണ്ട്. 35 ഡിസ്പെന്‍സറികളില്‍ ഫാര്‍മസിസ്റ്റ് തസ്തിക ഇന്നേവരെ സൃഷ്ടിച്ചിട്ടുമില്ല. പത്തു കിടക്കയുളള 51 ആശുപത്രികളില്‍ ഒരു ഡോക്ടര്‍ മാത്രമാണുളളത്. മെഡിക്കല്‍ ഒാഫീസര്‍ തസ്തിക സംസ്ഥാനമൊട്ടാകെ ഒഴിവുളളത് 70. ഫീല്‍ഡ്, ക്ളറിക്കല്‍ സ്റ്റാഫുകളും ആശുപത്രികളില്‍ ഇല്ല. ശുചീകരണത്തിനുളളത് മിക്കയിടത്തും ഒരാള്‍മാത്രം.