
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ സെമി ഫൈനലിൽ. നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി, ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ഒരു മത്സരം ശേഷിക്കെ ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. ഇന്ന് ഗോവക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.
ഫൈനൽ വിസിലോടെ നിലവിലെ ചാമ്പ്യന്മാർ പുറത്തേക്കും നാലാം സ്ഥാനക്കാരായി കേരള ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്കും. ഇന്ന് ഗോവക്കെതിരായ മത്സര ഫലം എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്‌ഥാനത്തു തുടരും. 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ബ്ലാസ്റ്റേഴ്‌സ് ഏറ്റവും അധികം ഗോളുകൾ നേടിയതും ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ചതുമായ സീസൺ ആണിത്. 2016ഇൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി സെമി ഫൈനലിന് യോഗ്യത നേടിയത്. അന്ന് ഫൈനലിലെത്തി പരാജയപ്പെട്ടു.
പിന്നീട് ഒരിക്കൽ പോലും ആറാം സ്ഥാനത്തിന് അപ്പുറമെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ ജംഷഡ്‌പൂർ, ഹൈദരാബാദ് , എടികെ മോഹൻ ബഗാൻ ടീമുകളാണ് ബ്ലാസ്റ്റേഴ്സിനൊപ്പം സെമി ഉറപ്പിച്ചത്. 2-1നാണ് ഹൈദരാബാദ് മുംബൈയെ തോല്പിച്ചത്. രോഹിത് ഡാനുവും ജോയൽ ചിയാനീസുമാണ് ഹൈദരാബാദിന്റെ ഗോളുകൾ നേടിയത്.