cherod-rescue-2

 

പാലക്കാട് ചെറാട് സ്വദേശി ബാബു നാൽപ്പത്തി നാല് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന കുമ്പാച്ചി മലയിൽ വീണ്ടും ആള് കയറിയത് ആശങ്ക കൂട്ടി. വൈകീട്ട് ഏഴ് മണിയോടെ മല മുകളിൽ ടോർച്ച് തെളിഞ്ഞത് വീണ്ടും കൂടുതലാളുകൾ അവിടെയുണ്ടെന്ന സംശയം നാട്ടുകാരിലുണ്ടാക്കി. വനം വകുപ്പിന്റെ തെരച്ചിലിൽ രാത്രി പന്ത്രണ്ട് മണിയോടെ തദ്ദേശീയനായ രാധാകൃഷ്ണനാണ് മല കയറിയതെന്ന് വ്യക്തമായി. മനോ വൈകല്യമുള്ള രാധാകൃഷ്ണൻ നേരത്തെയും നിരവധി തവണ മല കയറിയിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്.

 

കുമ്പാച്ചി മലയുടെ നെറുകിൽ വ്യത്യസ്ത ഇടങ്ങളിലായി ലൈറ്റ് തെളിയുന്നു. വൈകീട്ട് ഏഴ് മണിയോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട കാര്യം വനപാലകരെ അറിയിച്ചതിന് പിന്നാലെ ചെറാട് അടിവാരത്ത് ആശങ്ക കനത്തു. വനപാലകർ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് മലയിലേക്ക് കയറി. അപ്പോഴും പലയിടങ്ങളിലായി ടോർച്ച് മിന്നുണ്ടായിരുന്നു. പൊലീസും അഗ്നിശമനസേനയും കൂടുതൽ ജാഗ്രതയിലായി. ഗുഹയിൽ കുടുങ്ങിയ ബാബുവിന്റെ രീതി മറ്റാരെങ്കിലും പ്രചോദനമാക്കിയോ എന്നതായി പിന്നീടുള്ള സംശയം.

 

ഇതിനിടയിൽ പല തരത്തിലുള്ള സംശയങ്ങൾ ഉയർന്നു. വനം വകുപ്പിനെ കബളിപ്പിച്ച് യുവാക്കളുടെ സംഘം മല കയറിയെന്ന് നാട്ടുകാർ ആവർത്തിച്ചു. രാത്രി പന്ത്രണ്ട് മണിയോടെ വനം വകുപ്പ് മറ്റൊന്ന് സ്ഥിരീകരിച്ചു. മല കയറിയത് നാട്ടുകാരനും മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി കൂടിയായ രാധാകൃഷ്ണൻ. ആറ് മണിയോടെ മലകയറി തിരിച്ചിറങ്ങുമ്പോഴാണ് ടോർച്ച് പ്രകാശിപ്പിച്ചത്. കാടിനെ നന്നായി അറിയാവുന്ന രാധാകൃഷ്ണൻ ബാബുവിനായുള്ള തെരച്ചിലിലും പങ്കാളിയായിരുന്നു.

 

എന്നാൽ മലയുടെ നെറുകിൽ കൂടുതൽ ആളുകളുണ്ടായിരുന്നു എന്ന സംശയം നാട്ടുകാർ ആവർത്തിക്കുന്നു. വനം വകുപ്പ് ഇക്കാര്യത്തിൽ അലംഭാവം കാണിക്കരുത്. രാധാകൃഷ്ണനെ മറ്റാരെങ്കിലും കൂട്ടത്തിൽ ചേർത്ത് മലയിലേക്ക് പോകാനുള്ള  സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.