kochi-airport-2

നെടുമ്പാശേരി വിമാനത്താവളത്തിലെ കോവിഡ് പരിശോധയിലെ പിഴവ് കാരണം വിദേശയാത്രമുടങ്ങിയെന്ന പരാതിയുമായി യാത്രക്കാര്‍. പുറത്തുള്ളതിന്‍റെ അഞ്ചിരട്ടിയാണ് വിമാനത്താവളത്തിലെ കോവിഡ് പരിശോധനയുടെ നിരക്ക്. പുറത്ത് പലവട്ടം പരിശോധിച്ച് നെഗറ്റീവെന്നുറപ്പാക്കിയിട്ടും വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവാകുന്നതോടെയാണ് യാത്ര മുടങ്ങിയത്.

ചങ്ങനാശേരി മാന്താനം സ്വദേശി വേണുഗോപാലിന്‍റെയും ഭാര്യ ബിജിയുടേയും യാത്രയാണ് വിമാനത്താവളത്തിലെ കോവിഡ് പരിശോധനയില്‍ മുടങ്ങിയത്. ദുബായിലേക്കുള്ള ടിക്കറ്റെടുക്കും മുന്‍പ് ഫെബ്രുവരി ഒന്നിന് ചങ്ങനാശേരി മൈക്രോലാബില്‍ പരിശോധിച്ച് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി. അഞ്ചാംതീയതി യാത്രയ്ക്ക് ടിക്കറ്റെടുത്തു. നാലാംതീയതി വീണ്ടും പരിശോധിച്ച് നെഗറ്റീവ് എന്നുറപ്പാക്കി. അഞ്ചാം തീയതി എയര്‍പോര്‍ട്ടിലെത്തി പരിശോധിച്ചപ്പോള്‍ റിസള്‍റ്റ് പോസിറ്റീവ്. ഇതോടെ യാത്രമുടങ്ങി. തിരിച്ചെത്തി വീണ്ടും ചങ്ങനാശേരിയിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ്. എയര്‍പോര്‍ട്ടില്‍ പരിശോധന നടത്തുന്ന മൈക്രോ ലബോറട്ടറീസിന്‍റെ  പരിശോധനയില്‍ ഗുരുതര പിഴവുണ്ടെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.  

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്ന് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പോസിറ്റീവായി അന്നേദിവസം നാല്‍പതോളം പേരുടെ യാത്രമുടങ്ങിയതായി വേണുഗോപാലും ബിജിയും പറയുന്നു. ടിക്കറ്റ് ചാര്‍ജിലെ അധിക പണവും യാത്രാച്ചെലവുമായി വലിയ നഷ്ടമുണ്ടായി.