ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്കര്‍. 1942 മുതല്‍ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്‍റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്. ഭാഷാവൈവിധ്യങ്ങളുടെ നാട്ടില്‍ ഒരു ജനതയെ ആകെ പാട്ടിലാക്കി ആ അനുപമമായ ശബ്ദമാധുര്യം. ഹിന്ദി ചലച്ചിത്രപിന്നണി ഗാനരംഗത്ത് നൂര്‍ജനഹാന്‍, സുരയ്യ, ഷംസാദ് ബീഗം തുടങ്ങിയ അഭിനേത്രികള്‍ ഗായികമാരായും കൊടിക്കുത്തി വാണിരുന്ന കാലത്താണ് ലതാ മങ്കേഷ്കര്‍ ആ രംഗത്തേക്ക് കടന്നുവരുന്നത്. 1942ല്‍. 

കുന്ദന്‍ ലാല്‍ സൈഗാളിനെ അനുകരിച്ച് മൂക്കുകൊണ്ടുള്ള ഒരു തരം ആലാപനശൈലിയുടെ സങ്കല്‍പങ്ങളും മാമൂലുകളുമായിരുന്നു അക്കാലത്തെ സിനിമാഗാനങ്ങളുടെ പാട്ടുകാരെ നയിച്ചിരുന്നത്. തുടക്കത്തില്‍ ലതയ്ക്കും അതേ ശൈലി തുടരേണ്ടിവന്നു. പക്ഷേ പിന്നീടെപ്പോഴോ അനുപമവും അനുകരണസാധ്യത ഒട്ടുമേ ഇല്ലാത്തതുമായ തന്‍റെ സ്വരത്തിലൂടെ ചലച്ചിത്ര ഗാനാലാപന രീതിക്ക് നവഭാവുകത്വം നല്‍കിയാണ് ലത മങ്കേഷ്കര്‍ പാട്ടുകാരുടെ ഉമ്മറത്ത് ഏറ്റവും മുന്നില്‍ ഏറ്റവും ദീര്‍ഘമേറിയ കാലം കസേരയിട്ട് ഇരുന്നത്. 

ലത ഇന്ത്യന്‍ ചലച്ചിത്രഗാനശാഖയുടെ പ്രസരിപ്പും ഉന്‍മേഷവുമായി. പുതിയ ഗാനപരീക്ഷണങ്ങള്‍ക്ക് സംഗീതസംവിധായകര്‍ മെനക്കെട്ടു. പുതിയ തരം പാട്ടുകളുണ്ടായി. ആസ്വാദനതലം മറ്റൊരുതലത്തിലേക്കെത്തി. സി. രാമചന്ദ്ര, വസന്ത് ദേശായി, ഹന്‍സ് രാജ് ബാല്‍,  അനില്‍ ബിശ്വാസ്, നൗഷാദ് അലി,   ശങ്കര്‍ ജയ്കിഷന്‍, എസ്.ഡി. ബര്‍മന്‍  എന്നീ അതികായകരായ സംഗീതസംവിധായകര്‍ പുത്തന്‍പാട്ടുകളുകളിലേക്ക് പിന്നണിഗാനരംഗത്തെ കൊണ്ടുപോയത് ലതയുടെ കണ്ഠത്തിലൂടെയാണ്. ഇന്ത്യന്‍ ചലച്ചിത്രസംഗീത ചരിത്രത്തില്‍ ഒരു രണ്ടാംഘട്ടത്തിന്‍റെ ഹേതു ഒരു പാട്ടുകാരിയായത് അങ്ങനെയാണ്. അങ്ങനെ ലത മങ്കേഷ്കര്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയാത്ത ഒരു സംഗീതചരിത്രപാഠത്തിന്‍റെ തലക്കെട്ടാണ്. അന്നും ഇന്നും. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ ശാലീന വിഷാദ സൗന്ദര്യങ്ങളെ ഒറ്റപാട്ടിലേക്ക് ആവാഹിച്ചാല്‍ അതിതാണ്. 

ചിത്രം സാധന... മദന്‍മോഹന്‍റെ സംഗീതത്തിലെ അനശ്വരഗാനം. ഒരു മന്ദഹാസത്തിന് വിഷാദം പകരാനാവുമെന്ന് തെളിയിച്ചു ലത. ഇന്‍ഡോറിലെ സിഖ് മൊഹല്ലയില്‍ 1929 സെപ്റ്റംബര്‍ 29ന് ജനിച്ച ഹൃദയ എന്ന ബാലിക ഇന്ത്യയുടെ ഹൃദയം കീഴടക്കിയത് എട്ടുപതിറ്റാണ്ടിന്‍റെ ചരിത്രമാണ്. 

മറാഠി നാടകരംഗത്തെ ഗായകനും നടനുമായ പണ്ഡ‍ിറ്റ് ദീനാനാഥ് മങ്കേഷ്കറുടെയും ശുദ്ധാമതിയുടെയും അഞ്ചുമക്കളില്‍ മൂത്തവള്‍.  13 വയസില്‍ പാടിതുടങ്ങി. പിതാവിന്‍റെ നാടകത്തിലെ കഥാപാത്രമായ ലതികയുടെ പേര് ചുരുക്കിയാണ് ലത എന്ന പേരിലേക്ക് ഹൃദയ ചേക്കേറിയത്.  തൊണ്ണൂറുകളില്‍‌ ഇന്ത്യന്‍ ചലചിത്രസംഗീതം അതിന്‍റെ ഏറ്റവും വലിയ മാറ്റങ്ങളിലേക്ക് ചേക്കേറി. പുതിയ ഗായകര്‍, പുതിയ ശബ്ദസന്നിവേശങ്ങള്‍. എ. ആര്‍. റഹ്മാനിലൂടെ ലത മങ്കേഷ്കര്‍ തരംഗമായി വീണ്ടും. പരമോന്നത ബഹുമതിയായ ഭാരതരത്നയും ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരവിന്റെ ഔന്നത്യം ഉറപ്പിച്ചു രാജ്യം. പാടാന്‍ മാത്രമായി ലഭിച്ച നിയോഗമാണ് ലത മങ്കേഷ്കറുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം.