
കർണാടകയിൽ കത്തിപ്പടരുന്ന ഹിജാബ് വിവാദം ഭരണ–പ്രതിപക്ഷ പോരാട്ടത്തിനുള്ള വേദി കൂടിയാണ് തുറന്നരിക്കുന്നത്. പെൺകുട്ടികൾ ഹിജാബ് ധരിച്ച് വിദ്യാലയങ്ങളിൽ വരുന്നത് നിരോധിക്കണം എന്ന ആവശ്യമുയർത്തിയാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. പിന്നാലെ കാവി ഷാൾ അണിഞ്ഞും ഇവർ കോളജുകളിലെത്തി. ഇപ്പോൾ ഹിജാബ് ധരിക്കാനുള്ള മുസ്ലിം പെൺകുട്ടികളെ അവകാശത്തെ തുണച്ച് രംഗത്തുവരികയാണ് കോൺഗ്രസ് എംഎൽഎയായ ഖനീസ് ഫാത്തിമ. കോണ്ഗ്രസ് ഈ വിഷയത്തില് കടുത്ത നിലപാടെടുത്ത് രംഗത്തുണ്ട്.
‘യൂണിഫോമിന്റെ നിറത്തിനൊത്ത് ഹിജാബ് മാറ്റാൻ തയാറാണ്. പക്ഷേ അത് ഉപേക്ഷിക്കാൻ തയാറല്ല. ഞാൻ ഹിജാബ് ധരിച്ചാണ് സഭയിൽ പോകുന്നത്. അത് തടയാൻ സർക്കാരിന് ധൈര്യമുണ്ടോ. ഒന്ന് തടഞ്ഞുനോക്കൂ.’ ഫാത്തിമ വെല്ലുവിളിച്ചു. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നൽകുമെന്നും ഒപ്പം ഉഡുപ്പിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും കോൺഗ്രസ് എംഎൽഎ പറയുന്നു.
അതേസമയം ഹിജാബ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. വിവാദത്തിൽ ഹൈക്കോടതി വിധി വരുന്നത് വരെ നിലവിലെ ചട്ടം തന്നെ തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു.
ഹിജാബ് (ശിരോവസ്ത്രം) ധരിച്ചു കോളജിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ സർക്കാർ കോളജിൽ മുസ്ലിം വിദ്യാർഥിനികളുടെ പ്രതിഷേധം തുടരുകയാണ്. അതേസമയം, ഹിജാബിന്റെ പേരിൽ രാജ്യത്തെ പെൺമക്കൾക്കു മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ച് ഭാവി ഇല്ലാതാക്കുകയാണ് കർണാടക ചെയ്യുന്നതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.