shivashankar-03

എം.ശിവശങ്കര്‍ പുസ്തകം എഴുതിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് പുസ്തകമെഴുതാന്‍ സർക്കാരിന്റെ അനുമതി ആവശ്യമാണ്. പുസ്തകത്തിൻ്റെ ഉള്ളടക്കം അടക്കം ചൂണ്ടി കാണിച്ചാണ് ചീഫ് സെക്രട്ടറിയിൽ നിന്നു അനുമതി വാങ്ങേണ്ടത്. അനുമതിയില്ലാതെ പുസ്തകമെഴുതിയാൽ സർവീസ് ചട്ടലംഘനമായി കണക്കാക്കി സർക്കാരിനു അച്ചടക്ക നടപടി സ്വീകരിക്കാം. അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമമുണ്ടായെന്ന് പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ എം.ശിവശങ്കര്‍ പറയുന്നത്. കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്‍റെ സഹായം തേടിയെന്നും ശിവശങ്കര്‍ സമ്മതിച്ചു. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ താന്‍ ഇടപെട്ടെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലും പുസ്തകത്തില്‍ ശിവശങ്കര്‍ തള്ളിക്കളയുന്നു. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. ഐ ഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നും അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ള കാര്യങ്ങളാണ് ശിവശങ്കറിന്‍റെ ആത്മകഥയില്‍. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ ഒരധ്യായം ഇത്തവണ ഇറങ്ങിയ പച്ചക്കുതിര മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന് ഈ അധ്യായത്തില്‍ പറയുന്നു. ശക്തമായ തെളിവില്ലാതെ അതു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തന്നില്‍ നിന്ന് എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന മൊഴി ലഭിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്നും സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചുകയറിയതിനുശേഷം ശിവശങ്കര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം അക്കാലത്ത് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാനായി ഇടപെടണമെന്ന് സ്വപ്ന തന്നെ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. പിന്നീട് നേരില്‍കണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. കസ്റ്റംസിന്‍റെ നടപടിക്രമങ്ങളില്‍ ഇടപെടില്ലെന്ന് താന്‍ സ്വപ്നയോട് പറഞ്ഞു. അപ്പോഴും ലഗേജില്‍ സ്വര്‍ണമായിരുന്നു എന്നകാര്യം അറിയില്ലായിരുന്നു. സ്വപ്നയ്ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേട്ടപ്പോള്‍ താന്‍ അസ്ത്രപ്രജ്ഞനായി പോയി. തന്‍റെ ജന്‍മദിനത്തില്‍ ഐഫോണ്‍ സമ്മാനിച്ച് സ്വപ്ന ചതിക്കുകയായിരുന്നു. തന്‍റെ കൈവശമുള്ള പണം എവിടെ നിക്ഷേപിക്കണമെന്ന് സ്വപ്ന ചോദിച്ചപ്പോള്‍ തന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്‍റിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്. സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ ഇടപെട്ടിട്ടില്ല. 

തന്‍റെ പേര് സ്വപ്ന ബയോഡേറ്റയില്‍ റഫറന്‍സ് വച്ചത് താന്‍ അറിഞ്ഞിരുന്നില്ല. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് കണ്‍സള്‍ട്ടന്‍സിയാണ്, സര്‍ക്കാരിന് അതില്‍ ബന്ധമില്ല. സ്വപ്നയെ നിയമിച്ചത് ശിവശങ്കര്‍ ഇടപെട്ടിട്ടാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ ഏജന്‍സികളെയും പ്രോസിക്യൂഷനെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയാണ് പുസ്തകം. തന്നെ കുറ്റവാളിയാക്കാന്‍ തുടക്കം മുതല്‍ ആസൂത്രിത ശ്രമമുണ്ടായിരുന്നു എന്നാണ് പുസ്തകത്തില്‍ ശിവശങ്കര്‍ പറയുന്നത്. തനിക്ക് ജാമ്യം നിഷേധിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പെരും നുണ പറഞ്ഞെന്നും ശിവശങ്കര്‍ കുറ്റപ്പെടുത്തുന്നു.