കടിയേറ്റിട്ടും മനസാന്നിധ്യം വിടാതെ മൂർഖനെ പിടികൂടിയ ശേഷമായിരുന്നു വാവ സുരേഷിന്റെ ആശുപത്രിയിലേക്കുള്ള മാറ്റം. കടിയേറ്റതിന് ശേഷം സംഭവിച്ചതെന്തെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു. പാമ്പിനെ പിടികൂടുന്നതിനൊപ്പം സുരേഷ് സ്വയം പ്രാഥമശുശ്രൂഷ നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. കുറിച്ചി സ്വദേശിയായ വ്ളോഗർ എസ്. എസ് സുധീഷ് കുമാറാണ് ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം ആശുപത്രിയില്‍ ചികില്‍സയിലുള്ള വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്.
കടിയേറ്റതിന് തൊട്ടുപിന്നാലെ തന്നെ മുറിവിന്റെ ആഴവും വ്യാപ്തിയും വാവ സുരേഷ് തിരിച്ചറിഞ്ഞിരുന്നു. ഒരു കൈകൊണ്ട് മുറിവ് പരിശോധിച്ച വാവ അതേസമയം കൽക്കെട്ടിനുള്ളിലേക്ക് മറയാനൊരുങ്ങിയ മൂർഖനെ പിടികൂടി. സുരക്ഷിതമായി ചാക്കിലാക്കി സുഹൃത്തുക്കൾക്ക് കൈമാറി. തന്റെ ജീവനെ കുറിച്ച് വാവ സുരേഷ് ചിന്തിക്കുന്നത് പിന്നീട്. കടി കാര്യമായിട്ടില്ലെന്ന വിശ്വാസത്തിലായിരുന്നു കൂടെയുള്ളവർ.
സമീപത്തെ കൽത്തിട്ടിലിരുന്ന് തുടയിൽ തോർത്ത് വരിഞ്ഞുമുറുക്കി മുറിവിൽ നിന്ന് രക്തം ഒഴുക്കിക്കളഞ്ഞു. ആശുപത്രിയിൽ എത്തുന്നതിന് തൊട്ടു മുൻപുവരെ വാവ കൂടെയുള്ളവർക്ക് കൃത്യമായ നിർദേശം നൽകി.
വാവ സുരേഷിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടാത്തതും അബോധാവസ്ഥയിൽ തുടരുന്നതുമാണ് വെല്ലുവിളി. വാവ സുരേഷിന്റെ ജീവിതത്തിലേക്കുള്ള മടക്കത്തിനായി പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ആയിരങ്ങൾ.